കെന്റിലെ ഷെപ്പി ദ്വീപിലെ ലെയ്‌സ്‌ഡൗണ്‍-ഓണ്‍-സീയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് വാര്‍ഡന്‍ ബേ റോഡില്‍ ഒരു സംഘര്‍ഷവും ഒരാളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉദ്യോഗസ്ഥരെയും എയര്‍ ആംബുലന്‍സിനെയും വിളിച്ചുവരുത്തിയതായി കെന്റ് പോലീസ് പറഞ്ഞു.
ഗുരുതരമായ പരിക്കേറ്റ 40 വയസുള്ള ആള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 14 ഉം 15 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു.
ബീച്ചിന് പിന്നില്‍, ഒരു കാരവന്‍ പാര്‍ക്കിന് മുന്നില്‍, ഒരു വലിയ സ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. ബീച്ചിലേക്കുള്ള ഒരു പൊതു നടപ്പാതയും പോലീസ് വളഞ്ഞിട്ടുണ്ട്.
തെളിവുകള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ സ്പെഷ്യലിസ്റ്റ് ഉദ്യോഗസ്ഥര്‍ ഒരു പോലീസ് നായയെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു. ഞായറാഴ്ച രാത്രി പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ ഏകദേശം 100 പേര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പ്രദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ ഒരു ദൃക്‌സാക്ഷി ബിബിസിയോട് പറഞ്ഞു.
"ദാരുണമായ സംഭവത്തില്‍ താന്‍ വളരെയധികം ദുഃഖിതനും ഞെട്ടലുള്ളവനുമാണെന്നാണ്" സിറ്റിംഗ്ബോണ്‍ ആന്‍ഡ് ഷെപ്പിയുടെ എംപി കെവിന്‍ മക്കെന്ന പറഞ്ഞത്.
ദൃക്‌സാക്ഷികളോ സംഭവത്തെക്കുറിച്ചു വിവരമുള്ളവരോ ബന്ധപ്പെടണമെന്ന് കെന്റ് പോലീസ് അഭ്യര്‍ത്ഥിച്ചു.