യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി; വംശീയ അതിക്രമങ്ങളെ അപലപിച്ച് ഐറിഷ് പ്രസിഡന്റ്

അയര്‍ലന്‍ഡില്‍ അനുദിനം ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ വെളിച്ചത്തില്‍ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കാനും, ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളെ തള്ളിപ്പറയുകയാണ് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ്. അന്ത്യന്തം നിന്ദ്യവും, രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ അക്രമങ്ങളെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ സമൂഹം ഐറിഷ് ജീവിതത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.

മെഡിസിന്‍, നഴ്‌സിംഗ്, കെയറിംഗ് പ്രൊഫഷന്‍, സംസ്‌കാരം, ബിസിനസ്സ്, സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം എടുത്ത് പറഞ്ഞ് പ്രശംസിച്ചു. അവരുടെ സാന്നിധ്യവും, ജോലിയും, സംസ്‌കാരവും നമ്മുടെ ജീവിതങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തത്, പ്രസിഡന്റ് ഹിഗിന്‍സ് ചൂണ്ടിക്കാണിച്ചു.

ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അടുത്തിടെ നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. അകാരണമായി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ നടന്നതോടെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു.
ജൂലൈ 19ന് ഇന്ത്യയില്‍ നിന്നുള്ള 40-കാരനായ ആമസോണ്‍ ജീവനക്കാരന് നേരെ ഡബ്ലിനില്‍ ഗുരുതരമായ അക്രമം അരങ്ങേറി. മറ്റൊരു സംഭവത്തില്‍ ഡബ്ലിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഒരു 32-കാരന്‍ അക്രമിക്കപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയംകാരുടെ ആറ് വയസുകാരിയായ മകള്‍ക്കു നേരെ ഡബ്ലിനില്‍ തന്നെ അതിക്രൂരമായ വംശീയ ആക്രമണം നടന്നത്. ഒരു സംഘം ആണ്‍കുട്ടികള്‍ ഈ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും സൈക്കിള്‍ ഉപയോഗിച്ച് കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഇടിക്കുകയും ചെയ്തിരുന്നു. വീടിന് വെളിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ആക്രമണം നടത്തിയത് 12 നും 14 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെന്നാണ് ആക്രമണത്തിനിരയായ കുട്ടിയുടെ അമ്മ പറയുന്നത്.

ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞും ആണ്‍കുട്ടികള്‍ ആക്രോശിച്ചു. ഇവര്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. കുട്ടിയുടെ അമ്മ അയര്‍ലന്‍ഡില്‍ നഴ്സാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ചുവരികയാണ്.

ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞ് കരയുകയും കുഞ്ഞിന് പാല്‍ നല്‍കുന്നതിനായി ഇവര്‍ അകത്തേയ്ക്ക് പോകുകയും ചെയ്തു. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് ആണ്‍കുട്ടികളില്‍ നിന്ന് നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പറയുന്നത്.

അഞ്ചോളം പേര്‍ ചേര്‍ന്നാണ് കുട്ടിയോട് അതിക്രമം കാട്ടിയതെന്ന് സുഹൃത്തായ കുട്ടി പറഞ്ഞതായി കുട്ടിയുടെ അമ്മ അനുപ അച്യുതന്‍ പറഞ്ഞു. സൈക്കിളില്‍ എത്തിയ അവര്‍ കുട്ടിയെ ഇടിക്കുകാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് അശ്ലീല വാക്ക് ഉപയോഗിച്ച കുട്ടികള്‍ ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്ന് പറഞ്ഞു. രാജ്യത്തേക്ക് മടങ്ങിപ്പോകാനും പറഞ്ഞു. മകളുടെ കഴുത്തിലും അവര്‍ ഇടിച്ചു. മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മകള്‍ ആകെ തകര്‍ന്നുവെന്നും പുറത്തുപോയി കളിക്കാന്‍ ഇപ്പോള്‍ ഭയമാണെന്നും അമ്മ പറയുന്നു.

ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടന്ന ഗുരുതരമായ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് രംഗത്തുവന്നിരുന്നു. ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കി. വാട്ടര്‍ഫോര്‍ഡില്‍ ആറു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടി നേരിട്ട ക്രൂരമായ ആക്രമണം പ്രത്യേകിച്ച് പരാമര്‍ശിച്ച സൈമണ്‍ ഹാരിസ് അതിനെ ‘ഭീകരവും ഹൃദയഭേദകവുമായ സംഭവം’ എന്നാണ് വിശേഷിപ്പിച്ചത്.

അയര്‍ലന്‍ഡില്‍ 80,000 ഓളം ഇന്ത്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഇന്ത്യാക്കാരില്ലാതെ നിലനില്‍പില്ലെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഇന്ത്യന്‍ സാന്നിധ്യം നിസ്തുലമാണെന്നും സൈമണ്‍ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. അയര്‍ലന്‍ഡ് വംശീയതയെ വെറുക്കുന്ന രാജ്യമാണ്. ഇത്തരം സംഭവങ്ങള്‍ കണ്ടാല്‍ അത് തുറന്നുപറഞ്ഞ് അപലപിക്കണം. കുറ്റവാളികളില്‍ പ്രായം കുറഞ്ഞ കുട്ടികളും ഉണ്ടെന്ന കാര്യം ഏറ്റവും ആശങ്കാജനകമാണെന്നും സൈമണ്‍ ഹാരിസ് വ്യക്തമാക്കി.

സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആശങ്കകളും നേരിട്ട് കേള്‍ക്കുന്നതിനായി സൈമണ്‍ ഹാരിസ് അയര്‍ലന്‍ഡ്-ഇന്ത്യ കൗണ്‍സിലിന്റെ പ്രതിനിധികളെ കാണും. കൂടാതെ ഇന്ത്യന്‍ എംബസിയുടെ പ്രതിനിധികളുമായും കമ്മ്യൂണിറ്റി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ 22 ദിവസത്തിനിടെ ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് പ്രദേശങ്ങളില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നടന്ന അഞ്ച് പ്രധാന ആക്രമണങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നാണ് ഗാര്‍ഡ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതേ വരെ പ്രതികളായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions