ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അഡ്വാന്‍സ് ബുക്കിങ്ങില്‍ സിനിമ നേടുന്ന കോടികളുടെ കണക്കുകളാണ് സോഷ്യല്‍ മീഡിയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ അഭിപ്രായം പുറത്തുവന്നിരിക്കുകയാണ്. നടനും യുവജനക്ഷേമ, കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആണ് സിനിമയുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു പവര്‍ഫുള്‍ മാസ് എന്റര്‍ടെയ്നര്‍ എന്നാണ് ഉദയനിധി കൂലിയെ വിശേഷിപ്പിച്ചത്.
കൂലിയുടെ അണിയറപ്രവര്‍ത്തകരെയും സിനിമാമേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ രജനികാന്തിനെയും ഉദയനിധി അഭിനന്ദിച്ചു. അതേസമയം, മികച്ച ബുക്കിംഗ് ആണ് കൂലിയ്ക്ക് ലഭിക്കുന്നത്. ആഗോള തലത്തില്‍ പ്രീ സെയിലില്‍ നിന്ന് 80 കോടിയാണ് സിനിമയുടെ നേട്ടം.
കൂലിയുടെ ആദ്യ പ്രദര്‍ശനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.01 ന് ആരംഭിക്കും. കേരളത്തില്‍ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തില്‍ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ എത്തുന്നുണ്ട്.