കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാന്ദ്ര തോമസിനെ പരിഹസിച്ച് മുന്‍ സുഹൃത്ത് വിജയ് ബാബു പങ്കുവച്ച പ്രകോപനപരമായ പോസ്റ്റിന് അതേ നാണയത്തില്‍ മറുപടിയുമായി സാന്ദ്ര. 'വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി,' എന്നായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാന്ദ്ര തോമസ് നല്‍കിയ പത്രിക തള്ളിയതാണ് ഈ പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് സാന്ദ്രയെ പരസ്യമായി പരിഹസിച്ച് വിജയ് ബാബു രംഗത്തെത്തിയത്.
നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആണ് എന്ന സാന്ദ്രയുടെ കുറിപ്പ് പങ്കുവച്ചതിനു ശേഷം ‘എനിക്കും അത്രയേ പറയാനുള്ളൂ സാന്ദ്ര’ എന്നാണ് വിജയ് ബാബു കുറിച്ചത്. തുടര്‍ന്ന് സാന്ദ്രയ്ക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി ഒരു ബന്ധവുമില്ല എന്ന തന്റെ പഴയ കുറിപ്പും വിജയ് ബാബു വീണ്ടും പങ്കുവച്ചു. സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ഉപയോഗിച്ച് ജനശ്രദ്ധ നേടുന്നത് സൂക്ഷിച്ചുവേണം എന്ന് വിജയ് ബാബു പറഞ്ഞു. തന്നെ പ്രകോപിപ്പിക്കരുതെന്നും അങ്ങനെയുണ്ടായാല്‍ 2010 മുതലുള്ള ചാറ്റുകള്‍ പുറത്തുവിടുമെന്നും ഭീഷണി സ്വരത്തിലാണ് വിജയ് ബാബു പ്രതികരിച്ചത്. മനുഷ്യരേക്കാള്‍ വിശ്വാസയോഗ്യമായതുകൊണ്ട് തനിക്ക് മൃഗങ്ങളെയാണ് ഇഷ്ടമെന്നും വിജയ്ബാബു തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
കുറുനരിയുടെ ചിത്രത്തിനൊപ്പമായിരുന്നു വിജയ് ബാബുവിന്റെ നീണ്ട കുറിപ്പ്. മറ്റൊരു പോസ്റ്റില്‍ സാന്ദ്രയുമായുള്ള പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിച്ചതിനു ശേഷം താനൊരു നായ്ക്കുട്ടിയെ വളര്‍ത്താന്‍ തുടങ്ങിയെന്നും വിജയ് ബാബു കുറിച്ചു. വീട്ടിലെ നായ്ക്കുട്ടിയുടെ ചിത്രത്തിനൊപ്പമായിരുന്നു രൂക്ഷമായ ഭാഷയിലെ പരിഹാസകുറിപ്പ്. ഇതിനു മറുപടി ആയാണ് സാന്ദ്ര വീണ്ടും പോസ്റ്റ് ഇട്ടത്.