യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മറിന്റെ പിന്‍ഗാമി: ചര്‍ച്ച സജീവമാകുന്നു

ലണ്ടന്‍: ഒന്നരപതിറ്റാണ്ടിനു ശേഷം മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനു കഴിയുന്നില്ല. ജനപിന്തുണ ഇടിയുന്നതും 'റിഫോം യുകെ'യുടെ വളര്‍ച്ചയും എല്ലാം വലിയ വെല്ലുവിളിയായി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും വിലക്കയറ്റവും ബജറ്റിലെ തിരിച്ചടികളും നികുതി വര്‍ദ്ധനവുമെല്ലാം ജനങ്ങളുടെ രോഷത്തിനു കാരണമായി. ഈ സാഹചര്യത്തില്‍ വിമതര്‍ സ്റ്റാര്‍മറിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയിരിക്കുകയാണ്.

പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറെ മാറ്റി പകരം ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ലേബര്‍ പാര്‍ട്ടിയിലെ ഏക നേതാവായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിനെ പ്രതിഷ്ടിക്കാനാണ് അണിയറ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. പുതിയ അഭിപ്രായ സര്‍വ്വേഫലം അതിനു ശക്തി പകരുന്നു.

മോര്‍ ഇന്‍ കോമണ്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 32 ശതമാനം പേര്‍ ബേണ്‍ഹാം മികച്ച പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞപ്പോള്‍ 22 ശതമാനം പേര്‍ മാത്രമായിരുന്നു സര്‍ കീര്‍ സ്റ്റാര്‍മറെ പിന്തുണച്ചത്. 46 ശതമാനം പേര്‍ക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ലായിരുന്നു. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ ഒന്ന് പേരും ബേണ്‍ഹാം പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിക്കുന്നവരാണ്. സോഷ്യലിസ്റ്റ് ബൈബിള്‍ എന്നറിയപ്പെടുന്ന ന്യൂ സ്റ്റേറ്റ്‌സ്മാന്‍ മാസികയും പറയുന്നത് പല ലേബര്‍ എം പിമാരും സമാനമായ രീതിയില്‍ ചിന്തിക്കുന്നു എന്നാണ്.

'വടക്കിന്റെ രാജാവ്' എന്നുകൂടി അറിയപ്പെടുന്ന, മുന്‍ ക്യാബിനറ്റ് മന്ത്രികൂടിയായ ബേണ്‍ഹാം നേരത്തെ രണ്ട് തവണ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുള്ളവരില്‍ 49 ശതമാനം പേരും സ്‌കോട്ട്‌ലാന്‍ഡില്‍ നിണ്ണുള്ളവരില്‍ 40 ശതമാനം പേരും ബേണ്‍ഹാമിനെയാണ് പിന്തുണച്ചത്.

യോര്‍ക്ക്ഷയറില്‍ സ്റ്റാര്‍മര്‍ നേടിയതിന്റെ ഇരട്ടിയോളം ജനപ്രീതി നേടാനും അദ്ദേഹത്തിനായി. ഇവിടെ സ്റ്റാര്‍മര്‍ 16 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബേണ്‍ഹാം സ്‌കോര്‍ ചെയ്തത് 31 പോയിന്റുകളായിരുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തവര്‍ക്കിടയിലും സ്റ്റാര്‍മര്‍ നേടിയതിന്റെ ഇരട്ടിയോളം ജനപ്രീതി നേടാന്‍ ബേണ്‍ഹാമിനായിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും പാര്‍ട്ടിയുടെ കടുത്ത അനുഭാവികള്‍ക്കിടയില്‍ സ്റ്റാര്‍മര്‍ തന്നെയാണ് താരം. ഈ വിഭാഗത്തില്‍ സ്റ്റാര്‍മര്‍ക്ക് 46 പോയിന്റ് നേടാനായപ്പോള്‍ ബേണ്‍ഹാമിന് നേടാനായത് 36 പോയിന്റുകള്‍ മാത്രമായിരുന്നു.

അതിനിടെ, മന്ത്രിസഭ രാജിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകോണ്ട് 7,50,000 പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും അത് ആഗ്രഹിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, ഒരു ഇടക്കാല തെരഞ്ഞെടുപ്പിന്റെ സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുകയാണ്. 2029 വരെ ഭരിക്കുന്നതിനുള്ള അനുമതിയാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും, ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും ലേബര്‍ പാര്‍ട്ടി പറയുന്നു. എങ്കിലും വരുന്ന ബജറ്റും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കുടിയേറ്റ പ്രശ്നങ്ങളും സ്റ്റര്‍മര്‍ സര്‍ക്കാരിന് ഏറെ നിര്‍ണായകമായിരിക്കും.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions