സൂപ്പര്‍ ഫാന്റസി യൂണിവേഴ്‌സ് ചിത്രം 'ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' യുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, പേ ടി എം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, ഡിസ്ട്രിക്റ്റ് തുടങ്ങിയ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്. ബുക്കിംഗ് ഓപ്പണ്‍ ആയ നിമിഷം മുതല്‍ ഗംഭീര പ്രേക്ഷക പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിങ്ങിനു ലഭിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തു വന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
സൂപ്പര്‍ഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ 'സണ്ണി' എന്നാണ് നസ്‌ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്‌പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും 'വേണു' ആയി ചന്ദുവും, 'നൈജില്‍' ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും എത്തിക്കുന്നത് വമ്പന്‍ വിതരണക്കാരാണ്.