കമല്‍ഹാസന്‍ ബംഗാളി ഭാഷ പഠിച്ചത് നടി അപര്‍ണ സെന്നിനെ ഇംപ്രസ് ചെയ്യാനായിരുന്നുവെന്ന് വെളിപ്പെടുത്തി മകളും നടിയുമായ ശ്രുതിഹാസന്‍. നടന്‍ സത്യരാജിനൊപ്പമുള്ളൊരു ടോക്ക് ഷോയിലായിരുന്നു ശ്രുതി ഇക്കാര്യം തുറന്നുപറഞ്ഞത്. അപര്‍ണ സെന്നിനോട് അദ്ദേഹത്തിന് കടുത്ത പ്രണയമായിരുന്നുവെന്ന് ശ്രുതി പറയുന്നു. ടോക്ക് ഷോയില്‍ തമിഴ്, തെലുഗു തുടങ്ങി ഒന്നിലധികം ഭാഷകള്‍ അറിയുമെന്നതില്‍ ശ്രുതിയെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു സത്യരാജ്.
ഇത് നിനക്ക് അച്ഛനില്‍ നിന്നും കിട്ടിയ ഗുണമാണെന്നും അദ്ദേഹം ബംഗാളി പഠിച്ചാണ് ബംഗാളി സിനിമയില്‍ അഭിനയിച്ചതെന്നും സത്യരാജ് പറഞ്ഞു. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ശ്രുതി സത്യരാജിനോട് പറഞ്ഞത്. 'അദ്ദേഹം എന്തിനാണ് ബംഗാളി പഠിച്ചതെന്ന് അറിയുമോ? ആ സമയത്ത് അദ്ദേഹത്തിന് അപര്‍ണ സെന്നിനോട് പ്രണയമായിരുന്നു. അവരെ ഇംപ്രസ് ചെയ്യിക്കാനാണ് അദ്ദേഹം ബംഗാളി ഭാഷ പഠിച്ചത്. അല്ലാതെ സിനിമയ്ക്ക് വേണ്ടിയൊന്നുമല്ല', ശ്രുതി ഹാസന്‍ വെളിപ്പെടുത്തി.
പിന്നീട് ഹേ റാം സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തിന് അപര്‍ണ എന്ന് പേരിട്ടതും അവരെ ബംഗാള്‍ സ്വദേശിയാക്കിയതുമെല്ലാം അപര്‍ണ സെന്നിനോടുള്ള പ്രണയം മൂലമാണെന്നും ശ്രുതി ചാറ്റ് ഷോയില്‍ പറഞ്ഞു.