മലയാള സിനിമയിലെ ഓണം റിലീസില്‍ മേല്‍ക്കൈ നേടി എവര്‍ക്ലാസിക് കോംബോ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ ഹൃദയപൂര്‍വ്വം. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ 100 കോടി ചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററില്‍ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്രയും മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം.
സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ജേക്സ് ബിജോയ് കയ്യടികള്‍ വാരിക്കൂട്ടുകയാണ്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോണ്‍സ് നേടുന്നുണ്ട്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കുന്ന സിനിമ തിയേറ്ററില്‍ കത്തുമെന്ന് ഉറപ്പാണ്.
ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണി പ്രിയദര്‍ശനും നസ്‌ലെനും പുറമെ, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും സിനിമയില്‍ നിര്‍ണ്ണായക വേഷത്തില്‍ എത്തുന്നുണ്ട്.