യുകെയിലെ ലിങ്കണില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. 51 വയസുകാരനായ മാന്നാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ സ്ത്രീ ആപത് ഘട്ടം തരണം ചെയ്തെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ എത്തിച്ച പ്രതിയെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്ത കോടതി കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ കേസ് മാറ്റി വയ്ക്കുക ആയിരുന്നു.
പോലീസ് അന്വേഷണത്തിനു സാവകാശം ആവശ്യമാണ് എന്നതിനാലും ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ മൊഴി എടുക്കാനും കാലതാമസം ഉണ്ടാകും എന്നതിനാല്‍ അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയായ ശേഷമേ ഇനി കോടതി വിസ്താരവും വിചാരണയും ഒക്കെ ആരംഭിക്കാനായി തീയതി നല്‍കൂ എന്നാണ് അറിയാനാകുന്നത്.
രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കുടുംബത്തെ ലിങ്കണിലെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.
സംഭവത്തിന് ദൃക്സാക്ഷിയായ മകളുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് അറിയാന്‍ സാധിച്ചത്.
രണ്ട് മക്കളാണ് ദമ്പതികള്‍ക്ക് ഉള്ളത്. ഒരാള്‍ യുകെയില്‍ മാതാപിതാക്കളോടൊപ്പവും മറ്റൊരാള്‍ നാട്ടിലും ആണ് ഉള്ളത് . പിതാവ് ജയിലിലും മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലും ആയതോടെ കുട്ടിയെ പോലീസ് സോഷ്യല്‍ കെയര്‍ സംരക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.