ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. മലയാളത്തില്‍ സൂപ്പര്‍ഹീറോ യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ചിത്രം. കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ അവതാരത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. കല്യാണിയുടെ കരിയര്‍ ബെസ്റ്റ് റോളായാണ് ലോകയിലെ കഥാപാത്രത്തെ സിനിമാപ്രേമികള്‍ വിലയിരുത്തുന്നത്. അതേസമയം ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് മുന്‍പ് താന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് കല്യാണി. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ തന്റെ ധാരണകള്‍ മാറിയെന്നും ആക്ഷന്‍ സീനുകള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞത് കോച്ചിങ്ങിന്റെ ഗുണം കാരണമാണെന്നും കല്യാണി പറഞ്ഞു. 'ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് എന്നെ പറ്റിയുള്ള ധാരണകള്‍ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്നസ്സ് മാത്രമല്ല മാനസികമായും, ഞാന്‍ ഒട്ടും അത്ലറ്റിക് അല്ലായിരുന്നു. ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഞാന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങനൊരു കഥാപാത്രമൊക്കെ ചെയ്യാന്‍ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷന്‍ സ്റ്റൈല്‍ നന്നാക്കാന്‍ വേണ്ടിയാണ് ഞാന്‍ കോച്ചിങ്ങിന് പോയത്. ആക്ഷന്‍ സീന്‍സ് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി അതിന്റെ ഗുണം', കല്യാണി കൂട്ടിച്ചേര്‍ത്തു.
കല്യാണിക്ക് പുറമെ നസ്ലിന്‍, ചന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവരാണ് ലോകയില്‍ മറ്റു പ്രധാന വേഷങ്ങളില്‍. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ജേക്ക്സ് ബിജോയ് ആണ് സംഗീത സംവിധാനം.