തിയറ്ററുകളില്‍ തരംഗം തീര്‍ക്കുന്ന ലോകയുടെ സഹ തിരക്കഥാകൃത്ത് നടി ശാന്തി ബാലചന്ദ്രനാണ്. 2017ല്‍ 'തരംഗം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി. 'ജല്ലിക്കെട്ട്', 'ആഹാ', 'ചതുരം', 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ശാന്തി.
എന്നാല്‍ ഓണം റിലീസായി എത്തിയ ലോകയുടെ സഹ തിരക്കഥാകൃത്ത് എന്ന നിലയില്‍ ശാന്തിയുടെ തലവര മാറുകയാണ്. ഇപ്പോഴിതാ ലോകയുടെ വിജയത്തിന് പിന്നാലെ മാതാപിതാക്കള്‍ക്ക് നന്ദി അറിയിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശാന്തി. ഇങ്ങനെയൊരു മാതാപിതാക്കളെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ശാന്തി ബാലചന്ദ്രന്റെ കുറിപ്പ്
നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ നന്ദി എന്റെ അച്ഛനോടും അമ്മയോടുമാണ്. എന്റെ എല്ലാ ഉയര്‍ച്ചയും താഴ്ചയും അവര്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഒരുപക്ഷേ എന്നെക്കാള്‍ കൂടുതല്‍ ഹൃദയവേദന ഓരോ നിമിഷവും അവര്‍ അനുഭവിച്ചിട്ടുണ്ട്.
കലയിലെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിനായി ഓക്സ്ഫോര്‍ഡിലെ അക്കാദമിക് ജീവിതം ഉപേക്ഷിച്ച എന്റെ തീരുമാനം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ അത്ര എളുപ്പമായിരുന്നില്ല. സിനിമാ വ്യവസായമെന്ന മണല്‍ച്ചുഴിയില്‍ ഞാന്‍ കാലുകുത്താന്‍ ശ്രമിക്കുന്നത് കണ്ട് അവര്‍ സങ്കടപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതല്‍ ഞാന്‍ അവരെ കഷ്ടപ്പെടുത്തി. പക്ഷേ എല്ലായ്പ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്
എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് അവര്‍ അനുഭവിക്കുന്നത് കാണുന്നതാണ് ലോകയുടെ വിജയം എനിക്ക് തന്ന ഏറ്റവും മികച്ച കാര്യമാണ്. അതിനാല്‍ ഞങ്ങളുടെ സിനിമ കാണുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. അച്ഛാ.. അമ്മേ ഒരു പെണ്‍കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിയര്‍ ലീഡര്‍മാരായതിന് നന്ദി. എനിക്ക് ചിറകുകളും വേരുകളും നല്‍കിയതിന് നന്ദി. ഞാന്‍ ഭാഗ്യവതിയായ ഒരു മകളാണ്.- ശാന്തി ബാലചന്ദ്രന്‍ കുറിച്ചു.