ബാര്‍ക്ലേസിന്റെ ബെസ്റ്റ് ബൈ മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ ഇന്ന് മുതല്‍ വര്‍ധനവ് നിലവില്‍ വരും. ചിലതില്‍ 0.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവും. യുകെയുടെ ദീര്‍ഘകാല സര്‍ക്കാര്‍ വായ്പ ചെലവുകള്‍ കഴിഞ്ഞ 27 വര്‍ഷക്കാലത്തെ ഏറ്റവും ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലിസ് ട്രസിന്റെ കാലത്തെ മോര്‍ട്ട്‌ഗേജ് നിരക്കിന്റെ കുതിച്ചു ചാട്ടം ഓര്‍മ്മയിലുള്ളവര്‍, ഉയര്‍ന്ന സര്‍ക്കാര്‍ പലിശ നിരക്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ സ്വാധീനം ചെലുത്തിയേക്കാം എന്നാണ് ഭയക്കുന്നത്. 40 ശതമാനം ഡെപ്പോസിറ്റോടെ വീട് വാങ്ങുന്നവര്‍ക്കുള്ള രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് മോര്‍ട്ട്‌ഗേജിന്റെ നിരക്കാണ് 3.75 ശതമാനത്തില്‍ നിന്നും 3.85 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്.
അതുപോലെ, നിലവില്‍ വിപണിയിലുള്ള ഏറ്റവും കുറഞ്ഞ രണ്ടാമത്തെ നിരക്കിലുള്ള അഞ്ച് വര്‍ഷ ഫിക്സ്ഡ് നിരക്കും കൂട്ടിയിട്ടുണ്ട്. ഇന്ന് മുതല്‍ ഇതിന്റെ നിരക്ക് 3.95 ശതമാനത്തില്‍ നിന്നും 4.05 ശതമാനമായി വര്‍ധിക്കും. ഈ ഡിലിന് 899 പൗണ്ട് ഫീസും ഈടാക്കുന്നുണ്ട്.
കുറഞ്ഞ ഡെപ്പോസിറ്റുമായി മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും നാളെ മുതല്‍ കൂടുതല്‍ നിരക്കുകള്‍ നല്‍കേണ്ടതായി വരും. 25 ഡെപ്പോസിറ്റ് ഉള്ളവര്‍ക്കുള്ള നിരക്ക് 3.79 ശതമാനത്തില്‍ നിന്നും 3.89 ശതമാനമായി വര്‍ദ്ധിക്കും. 15 ശതമാനം ഡെപ്പോസിറ്റ് ഉള്ളവരുടെ നിരക്ക് 4.12 ശതമാനത്തില്‍ നിന്നും 4.22 ശതമാനമായും വര്‍ദ്ധിക്കും. റീമോര്‍ട്ട്‌ഗേജിന് ശ്രമിക്കുന്നവരെയാകും ഇത് കൂടുതല്‍ ബാധിക്കുക.