അനുവാദം ഇല്ലാതെ ചിത്രങ്ങല്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇപ്പോഴിതാ നടിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.
അതേസമയം, ഐശ്വര്യ റായിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങള്‍ എന്നിവ നടപ്പാക്കാനാണ് ഹര്‍ജി നല്‍കിയതെന്ന് നടിയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായി നടിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃതമായി നടിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഹൈക്കോടതി സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.