യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം പരിശോധിക്കുന്നതിനായുള്ള നടപടി അവതാളത്തില്‍. ടെസ്റ്റിംഗ് സെന്ററുകളില്‍ ഉപയോഗിക്കുന്ന 816 മില്യണ്‍ പൗണ്ടിന്റെ സിസ്റ്റം തത്ക്കാലത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്. സിസ്റ്റം സപ്ലൈയര്‍മാരുമായി ആവര്‍ത്തിച്ചുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം അത് വാങ്ങുന്ന ചുരുങ്ങിയത് അഞ്ച് മാസത്തേക്കെങ്കിലും ഹോം ഓഫീസ് നീട്ടി വെച്ചതിനാലാണ് ഇപ്പോള്‍ ഈ പദ്ധതി അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു ലോകമാകമാനമുള്ള നൂറുകണക്കിന് ടെസ്റ്റിംഗ് സെന്ററുകളില്‍ ഉപയോഗിക്കുന്നതിനായി സിസ്റ്റം തേടി ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വിപണിയിലേക്ക് ഇറങ്ങുന്നത്. കരാര്‍ നടപടികള്‍ 2025 ഏപ്രില്‍ ഏഴിന് ആരംഭിക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍, ഈയാഴ്ച ആദ്യം ചില വിവരങ്ങള്‍ തേടി ഹോം ഓഫീസ് വീണ്ടും സപ്ലൈയര്‍മാരെ സമീപിച്ചു. ഈ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ഇത് അഞ്ചാം തവണയാണ് വിതരണക്കാരില്‍ നിന്നും വിശദീകരണം തേടുന്നത്. ഭാവിയില്‍ ഹോം ഓഫീസ് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് (എച്ച് ഒ ഇ എല്‍ ടി) വാങ്ങുമ്പോള്‍ അവ യുകെയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഡെലിവറി ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇപ്പോള്‍ തേടിയിരിക്കുന്നത്. സംസാരം, മനസിലാക്കല്‍, അതുപോലെ ആവശ്യമുള്ള ഇടങ്ങളില്‍ എഴുത്ത്, വായന എന്നിവയിലും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം അളക്കുവാന്‍ പ്രാപ്തമായതാണ് എച്ച് ഒ ഇ എല്‍ ടി സിസ്റ്റം.
അതിനിടെ, യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലപരിധി അഞ്ചു വര്‍ഷത്തില്‍ നിന്നും 10 വര്‍ഷമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കുകയാണ്. യുകെയിലെത്തുന്ന വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐഎല്‍ ആര്‍) നല്‍കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫുള്‍ കണ്‍സള്‍ട്ടേഷനും അന്തിമ തീരുമാനവും ഇനിയും എടുക്കേണ്ടതായിട്ടുണ്ട്.
രണ്ട് വ്യത്യസ്ത പരാധികളാണ് എംപിമാര്‍ ചര്‍ച്ച ചെയ്തത്. നിലവിലെ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ഐഎല്‍ആര്‍ ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്നതിനെതിരെയും അതുപോലെ ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) നുള്ള കാലാവധി നീട്ടുന്നതിനെതിരെയും ഉള്ള ഓണ്‍ലൈന്‍ പരാതികള്‍ക്ക് മേലായിരുന്നു ചര്‍ച്ച. ഇരു പരാതികളിലും ഒരു ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ടിരുന്നു. ചര്‍ച്ചക്ക് ശേഷം ഉടനടി നയത്തില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.