ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റിനെതിരെയുള്ള മുന്നറിയിപ്പ് നിലവില്‍ വന്നു. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും നൂറ്റിയൊന്‍പതോളം പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗത വരെയുള്ള കാറ്റ് അനുഭവപ്പെടും. മെറ്റ് ഓഫീസ് യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറു മണിവരെ ശക്തമായ കാറ്റു വീശുന്നതിനാല്‍ കഴിയുന്നതും വീടുകള്‍ക്ക് അകത്തു തന്നെ കഴിയണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടാകാം. അതുപോലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ക്കും വൈദ്യുതി വിതരണം തടസപ്പെടുന്നതിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകള്‍ പ്രത്യക്ഷപ്പെടും. തീരപ്രദേശങ്ങളിലും മലനിരകളിലും മണിക്കൂറില്‍ 60 മൈല്‍ മുതല്‍ 70 മൈല്‍ വരെ വേഗതയില്‍ കാറ്റ് ആഞ്ഞ് വീശുമ്പോള്‍, ഉള്‍നാടുകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 മൈല്‍ വരെ വേഗത കൈവരിക്കും.
കാറ്റില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗാര്‍ഡന്‍ ഫര്‍ണീച്ചറുകള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഗ്യാരേജില്‍ സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. അതുപോലെ വീടിന്റെയും, ഗ്യാരേജ് ഉണ്ടെങ്കില്‍ അതിന്റെയും വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചു വയ്ക്കണം. ഗ്യാരേജിലേതു പോലുള്ള വലിയ വാതിലുകള്‍ തീര്‍ച്ചയായും അടച്ചിരിക്കണം. ഗ്യാരേജ് ഉണ്ടെങ്കില്‍ കാര്‍ അതിനുള്ളില്‍ പാര്‍ക്ക് ചെയ്യണം. ഇല്ലെങ്കില്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, മതിലുകള്‍ എന്നിവയില്‍ നിന്നും അകലത്തില്‍ പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.