അജിത് കുമാര്‍ നായകനായെത്തിയ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്നു നീക്കം ചെയ്തു. സംഗീത സംവിധായകന്‍ ഇളയരാജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രത്തില്‍ തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയെത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇളമൈ ഇതോ ഇതോ, എന്‍ ജോഡി മഞ്ഞക്കുരുവി, ഒത്ത രൂപായ് താരേന്‍ എന്നിങ്ങനെ മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഇതിനെതിരേയായിരുന്നു ഇളയരാജ പരാതി നല്‍കിയത്.
ഗാനങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നും 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഇളയരാജ ഹര്‍ജിയില്‍ ആവശ‍്യപ്പെട്ടിരുന്നത്.
യഥാര്‍ഥ അവകാശികളില്‍ നിന്ന് അനുമതി ലഭിച്ചെന്നാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, ഇളയരാജയുടെ ഗാനങ്ങളോടു കൂടി സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സും ചിത്രം പിന്‍വലിച്ചിരിക്കുന്നത്.