സിനിമ

എല്ലാവരെയും വെറുപ്പിച്ച് സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാക്കി-അഖില്‍ മാരാര്‍ക്കെതിരെ സംവിധായകന്‍

'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെ വിമര്‍ശിച്ച നായകന്‍ അഖില്‍ മാരാര്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോണ്‍. സിനിമയ്ക്ക് ആളു കയറുന്നില്ല എന്നു കണ്ടപ്പോള്‍ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖില്‍ മാരാറിന്റെ പ്രസ്താവനയെന്ന് ബാബു ജോണ്‍ പറഞ്ഞു. തിരക്കഥ കേട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. പ്രേക്ഷകര്‍ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്നും സംവിധായകന്‍ ആരോപിച്ചു.

സംവിധായകന്‍ ബാബു ജോണിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

അഖില്‍ മാരാര്‍ക്ക് സ്റ്റാര്‍ഗേറ്റിന്റെ മറുപടി. 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയെ കുറിച്ച് അഖില്‍ മാരാര്‍ ഇന്ന് പുറത്തു വിട്ട പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

1.വയനാട് വീട് വെച്ച് കൊടുക്കുന്നതിനെക്കുറിച്ച് ഒരു വിഷയവും സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന് അറിവുള്ളതല്ല.

2. ഈ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം അദ്ദേഹം ഡബ്ബിങ്ങിന് മുന്നേ വാങ്ങിച്ചിട്ടുണ്ട്.

ജനങ്ങള്‍ സിനിമ ഏറ്റെടുത്തില്ല എന്നത് ശരി തന്നെയാണ്. എന്തുകൊണ്ട്? അതാണ് വിഷയം. ഞങ്ങളുടെ നിരീക്ഷണത്തില്‍ മനസ്സിലായ കാര്യം, അനാവശ്യ സ്ഥലങ്ങളില്‍ ഉള്ള പരാമര്‍ശംമൂലം എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും ഒരുപോലെ വെറുപ്പിച്ചു എന്നതാണ്. കശ്മീരില്‍ വെടിവെപ്പില്‍ ആളുകള്‍ മരിച്ചപ്പോള്‍ രാജ്യത്തിന് എതിരായി പറഞ്ഞിട്ട് കേസ് ആയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു ആഹ്വാനം ചെയ്ത് പാര്‍ട്ടിക്കാരുടെ ശത്രുത നേടി. ഒടുവില്‍ യുവനേതാവിനെതിരെ രംഗത്ത് വന്നു വേറേയും ശത്രുക്കള്‍ ഉണ്ടാക്കി. ഈ സമയത്തൊക്കെ പ്രൊഡക്ഷന്‍ ടീം അദ്ദേഹത്തെ വിലക്കിയിരുന്നു. അതുകൊണ്ടുതന്നെ പല സ്ഥലത്തും സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാണ് ഉണ്ടായത്. സിനിമയ്ക്ക് ആളു കയറുന്നില്ല എന്ന് കണ്ടപ്പോള്‍ പ്രൊഡക്ഷന്റെയും ഡയറക്ടറേയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് ഇത്തരം പ്രസ്താവനകള്‍.

3. പിന്നെ കൃത്യമായി ഈ സിനിമയുടെ സ്ക്രിപ്റ്റ് കേട്ടിട്ടാണ് അദ്ദേഹം വന്നു ജോയിന്‍ ചെയ്തത്. വര്‍ക്ക് കംപ്ലീറ്റ് ആയി കോഴിക്കോടുള്ള സ്റ്റുഡിയോയില്‍ വന്ന് പൂര്‍ണമായും സിനിമ കണ്ടു ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ട്രെയിലര്‍ ലോഞ്ചിനുള്ള കാര്യങ്ങള്‍ ചെയ്തതും, ബിഗ് ബോസില്‍ പോയി പ്രൊമോഷന്‍ നടത്തിയതും. അതും പ്രൊഡക്ഷന്‍ കമ്പനി എടുത്തുകൊടുത്ത ടിക്കറ്റില്‍. സിനിമ ഹിറ്റാകുമെന്നും ഒരുപാട് ഫാന്‍സ്‌ ഉണ്ട് എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പ്രേക്ഷകര്‍ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാ നിരൂപകനുമായുള്ള വിഷയത്തില്‍ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചതും, കൊച്ചി ആസ്ഥാനമായി സിനിമ പ്രൊമോഷന്‍ ചെയ്യുന്ന ഓണ്‍ലൈന്‍ ചാനലുകാര്‍ എല്ലാവരേയും കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ട കാരണം അഖില്‍ മാരാറിന്റെ ഒരു വീഡിയോസും അവര്‍ കൊടുക്കില്ല എന്ന് തീര്‍ത്തു പറയുകയും അവര്‍ പറഞ്ഞത് പ്രകാരം ട്രെയിലര്‍ ലോഞ്ച് സമയത്തുള്ള വിഡിയോസില്‍ അദ്ദേഹത്തിന്റെ മുഖം ബ്ലര്‍ ആക്കിയിട്ടാണ് കൊടുത്തത്. അറിയപ്പെടുന്ന ചാനലുകാര്‍ ആരും കൊടുത്തതും ഇല്ല. സിനിമ റിലീസ് സമയത്തും അവര്‍ പറഞ്ഞു ഞങ്ങളെ കുറ്റം പറഞ്ഞ ആളിന്റെ സിനിമയുടെ പ്രൊമോഷന് ഞങ്ങള്‍ വരില്ല എന്ന്. അവസാനം അഖില്‍ മാരാര്‍ അദ്ദേഹത്തിന്റെ നാട്ടില്‍ കൊട്ടാരക്കരയില്‍ ആണ് സിനിമ കണ്ടത്. കൊച്ചിയില്‍ വനിത തിയറ്ററില്‍ അദ്ദേഹം വരില്ല എന്ന് അറിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മീഡിയയില്‍ ഉള്ള എല്ലാവരും വരികയും വീഡിയോസ് എടുക്കുകയുമാണ് ഉണ്ടായത്. സത്യാവസ്ഥ ഇതൊക്കെ ആയിരിക്കെ, അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന തികച്ചും സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം മാത്രമാണ്.

സിനിമ കണ്ട ആളുകളില്‍ കൂടുതലും അദ്ദേഹത്തിനെ മാത്രം കുറ്റപ്പെടുത്തിയാണ് കമന്റുകള്‍ ഇട്ടത്. അത് അദ്ദേഹമായി ഉണ്ടാക്കി വച്ച രാഷ്ട്രീയത്തിലെ ശത്രുക്കളും ഓണ്‍ലൈന്‍ ആള്‍ക്കാരും, ബിഗ് ബോസില്‍ കൂടെ ഉണ്ടായിരുന്നവരുമൊക്കെയാണ്. നാട്ടില്‍ എന്തു പ്രശ്നം ഉണ്ടായാലും അതിനെ കുറിച്ച് കണ്ടന്റ് ഉണ്ടാക്കി ശത്രുക്കളെ ഉണ്ടാക്കിയത് ഈ സിനിമ നിര്‍മിച്ചവര്‍ അല്ല. അവസരങ്ങള്‍ക്കൊത്തു നിലപാടുകള്‍ മാറ്റുന്നത് ആര്‍ക്കും ഭൂഷണമല്ല.

കടക്കെണിയില്‍ ആയിപ്പോയ നിര്‍മാതാവിനെ സഹായിക്കാം എന്ന തീരുമാനത്തിലാണ് ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതെന്നായിരുന്നു സിനിമയുടെ പരാജയത്തെ തുടര്‍ന്ന് അഖില്‍ മാരാരുടെ പ്രസ്താവന. തന്നെ നായകനാക്കി സിനിമ മാര്‍ക്കറ്റ് ചെയ്യരുതെന്ന് അണിയറ പ്രവര്‍ത്തകരോടു പറഞ്ഞിരിന്നുവെന്നും ഒരു ഉദ്ഘാടനം ചെയ്താല്‍ തനിക്ക് കിട്ടുന്ന ശമ്പളമാണ് 20 ദിവസത്തെ അഭിനയത്തിനായി വാങ്ങിയതെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. സംവിധായകനും ക്യാമറാമാനും എഡിറ്റര്‍ക്കും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മറ്റു പലര്‍ക്കും ഇല്ലാത്ത സകല കുറ്റങ്ങളും തന്റെ തലയില്‍ കെട്ടിവച്ചെന്നും അഖില്‍ ആരോപിച്ചു.

  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions