മലയാളത്തിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോക - ചാപ്ടര്‍ വണ്‍: ചന്ദ്ര'. 267 കോടി രൂപ ആഗോള കളക്ഷന്‍ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓള്‍ടൈം റെക്കാഡ് ആഗോള ഗ്രോസര്‍ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്.
2025ല്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് ലോക മുന്നിലെത്തിയിരിക്കുന്നത്. 266 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷന്‍. ഇന്ത്യയില്‍ നിന്നുമാത്രം 150 കോടി രൂപ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. കേരളത്തില്‍ നിന്നുമാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും. ബുക്ക് മൈ ഷോയിലും ചിത്രം ഓള്‍ടൈം റെക്കാഡ് നേടിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്‍പനയാണ് ലോകയുടേത്. 4.51 ലക്ഷം ടിക്കറ്റുകള്‍ വിറ്റ മോഹന്‍ലാല്‍ ചിത്രം 'തുടരും' മറികടന്നാണ് ലോകയുടെ നേട്ടം.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ലോക നിര്‍മിച്ചത്. അഞ്ച് ഭാഗങ്ങളുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. നസ്‌ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവൻ എന്നിങ്ങനെ വന്‍ താരനിരയും ചിത്രത്തിലുണ്ട്.