ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാലിന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നടനും സംവിധായകനും നിര്‍മാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.
2025 സെപ്തംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്സ് പുരസ്കാര വേദിയില്‍ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
മോഹന്‍ലാലിന് അഭിനന്ദനവുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എത്തി. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹന്‍ലാലെന്ന് മോദി എക്‌സില്‍ കുറിച്ചു. പതിറ്റാണ്ടുകളുടെ അഭിനയപാടവം, മലയാള സിനിമാ, നാടക മേഖലയെ നയിക്കുന്ന വെളിച്ചം, കേരള സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിത്വം എന്നെല്ലാമാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ നേട്ടങ്ങള്‍ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും ലാല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണ് മോഹന്‍ലാലിന്റേതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.
ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് അര്‍ഹനായതിലെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍. ഇത് തനിക്ക് മാത്രമുള്ള പുരസ്‌കാരമല്ലെന്നും, മലയാള സിനിമയക്കും തന്നോടൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കമുള്ള അംഗീകാരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷം. ഒരുപാട് സന്തോഷം… സ്വപ്‌നത്തിനും അവാര്‍ഡിനും അപ്പുറം രാജ്യം നല്‍കുന്ന വലിയ ബഹുമതിയാണിത്. ഞാനൊരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ എന്താണ് പറയേണ്ടത് എന്നറിയില്ല. ഈ അവാര്‍ഡിലേക്ക് എന്നെ പരിഗണിച്ച ജൂറിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും നന്ദി പറയുന്നു.