18 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഴ പെയ്തിറങ്ങുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. യുകെയില്‍ 75 മൈല്‍ വേഗത്തിലുള്ള കാറ്റും വീശുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.ഡസന്‍ കണക്കിന് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. ചില മേഖലകളില്‍ 80 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച ഉടനീളം ശക്തമായ മഴയും, കാറ്റും, തണുത്ത കാലാവസ്ഥയും രാജ്യത്ത് പടരുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. നോര്‍ത്ത് വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്.
വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നതായി നാഷണല്‍ വെതര്‍ സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ കൊടുങ്കാറ്റിന് സമാനമായ അന്തരീക്ഷമാണ് രാജ്യത്ത് നേരിടേണ്ടി വരിക.