കൊച്ചി: നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് പരിശോധന. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്.
ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്‌യുവികള്‍, മഹീന്ദ്ര–ടാറ്റ ട്രക്കുകള്‍ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിള്‍ ഉള്‍പ്പെടുന്നു. ഹിമാചല്‍ പ്രദേശിലെ 'എച്ച്പി–52' റജിസ്ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷന്‍ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍ഒസി) ഉള്‍പ്പെടെയാണ് കേരളത്തില്‍ കാറുകള്‍ വിറ്റതും.
കേരളത്തില്‍ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റര്‍ ചെയ്ത് ‘കെഎല്‍’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണ് ഭൂട്ടാന്‍ പട്ടാളം വാഹനങ്ങള്‍ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും വാഹനമൊന്നും കണ്ടെത്താനായില്ല. കസ്റ്റംസിന്റെ മറ്റൊരു ടീമാണ് കൊച്ചിയിലെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ഭൂട്ടാനി ഭാഷയില്‍ വാഹനം എന്ന് അര്‍ഥം വരുന്ന 'നുംഖോര്‍' എന്ന് പേരിലാണ് ഈ ഓപ്പറേഷന്‍ കസ്റ്റംസ് നടത്തുന്നത്.