ലൈംഗികകുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ പുറത്തിറക്കിയ പുതിയ ഫയലുകളില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെയും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റേയും ബില്‍ഗേറ്റ്സിന്റെയും പേരുകള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.
ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി ആറ് പേജുള്ള രേഖയുടെ പുതിയ ബാച്ചില്‍ 2014 ഡിസംബര്‍ 6ന് ടെസ്ല സിഇഒ അമേരിക്കയിലെ വിര്‍ജിന്‍ ദ്വീപുകളിലെ എപ്സ്റ്റീന്റെ എസ്റ്റേറ്റിലേക്ക് താല്‍ക്കാലിക യാത്രയുടെ പദ്ധതി കാണിക്കുന്നു. അവിടെ വച്ച് എപ്സ്റ്റീന്‍ തങ്ങളെ ദുരുപയോഗം ചെയ്തുവെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. എപ്സ്റ്റീന്‍ തന്നെ ദ്വീപിലേക്ക് ക്ഷണിച്ചതായി മസ്‌ക് പറഞ്ഞതായി മുമ്പ് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പിന്നീടത് നിഷേധിച്ചിരുന്നു.
പുതിയ രേഖയില്‍ ഫോണ്‍ സന്ദേശ ലോഗുകള്‍, വിമാന ലോഗുകളുടെ മാനിഫെസ്റ്റുകളുടേയും പകര്‍പ്പുകള്‍ സാമ്പത്തിക ഇടപാടുകളുടെ പകര്‍പ്പുകള്‍ എപ്സ്റ്റീന്റെ ദൈനം ദിന ഷെഡ്യൂള്‍ എന്നിവ ഉള്‍പ്പെടുന്നു.
2000 മേയ് മാസത്തില്‍ ന്യൂജേഴ്സിയില്‍ നിന്ന് ഫ്ളോറിഡയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരില്‍ ബ്രിട്ടനിലെ യോര്‍ക്ക് ഡ്യൂക്കായ ആന്‍ഡ്രൂ രാജകുമാരന്റെയും പേര് പരാമര്‍ശിക്കുന്നു.2000 മേയ് 12 ന് ന്യൂജേഴ്സിയിലെ ടെറ്റര്‍ബോറോയില്‍ നിന്ന് ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് ആന്‍ഡ്രൂ രാജകുമാരന്‍ എപ്സ്റ്റീനും കൂട്ടാളികളായ ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനുമൊപ്പം ഒരു വിമാനത്തില്‍ സഞ്ചരിച്ചതായി ഫ്ളൈറ്റ് മാനിഫെസ്്റ്റ് രേഖപ്പെടുത്തുന്നു. കേസില്‍ 2021 ല്‍ മാക്സ്വെല്‍ ശിക്ഷിക്കപ്പെട്ടു.
2000 ഫെബ്രുവരിയിലും മേയ് മാസത്തിലും എപ്സ്റ്റീന്‍ ആന്‍ഡ്രൂവിനു വേണ്ടി മസാജുകള്‍ക്കായി രണ്ടുതവണ പണം നല്‍കിയതായി ഒരു ലഡ്ജറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി പുറത്തിറക്കിയ രേഖയില്‍ രേഖപ്പെടുതത്തിയ തിയതികളുടെ സമയത്ത് ആന്‍ഡ്രൂ രാജകുമാരന്‍ യുഎസിലേക്ക് യാത്ര ചെയ്തതായി കൊട്ടാരം രേഖകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ലെഡ്ജറില്‍ പരാമര്‍ശിച്ചിരുന്ന ആന്‍ഡ്രൂ ആരാണെന്ന് കൃത്യമായിപറയുന്നില്ല.