ഇസ്രയേലിന്റെ ഗാസ യുദ്ധത്തിന് വഴിയൊരുക്കിയ ഹമാസ് ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ബ്രിട്ടനില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടത്തുന്നതിനെതിരെ ജനരോഷം ഉയരുന്നു. ഒക്ടോബര്‍ 7 ഭീകരാക്രണത്തിന്റെ വാര്‍ഷികത്തില്‍ ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് ബ്രിട്ടന് നിരക്കാത്തതാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി.
ബ്രിട്ടനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടത്താനിരിക്കുന്ന പ്രതിഷേധങ്ങള്‍ മറ്റുള്ളവരോട് ബഹുമാനമില്ലാത്താണെന്ന് സ്റ്റാര്‍മര്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. ചിലര്‍ ബ്രിട്ടനിലെ ജൂതരെ അക്രമിക്കാനുള്ള ന്യായമായി ഈ റാലികളെ ഉപയോഗിക്കുകയാണ്, പ്രധാനമന്ത്രി പ്രസ്താവിച്ചു.
ഹമാസ് ഇസ്രയേല്‍ മണ്ണില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും, 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം യുകെ ജൂത സമൂഹത്തിന് എതിരായ വിദ്വേഷം വളരുകയാണ് ചെയ്തതെന്ന് കീര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിലെ സിനഗോഗില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് വിശ്വാസികളാണ് കൊല്ലപ്പെട്ടത്.
അതേസമയം തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണത്തിന് ഇസ്രയേല്‍ മറുപടി നല്‍കിയപ്പോള്‍ 65,000-ലേറെ പേരാണ് കൊല്ലപ്പെട്ടത്.