ചരിത്രമെഴുതി ലോക, മലയാളത്തിലെ ആദ്യ 300 കോടി നേട്ടം സ്വന്തമാക്കി കല്യാണിയും കൂട്ടരും
മോളിവുഡിലെ നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ചരിത്രമെഴുതുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്‌ത സൂപ്പര്‍ഹീറോ ചിത്രമായ ലോക: ചാപ്റ്റര്‍ 1 - ചന്ദ്ര. മലയാളത്തിലെ ആദ്യ 300 കോടി എന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ട്രാക്കിങ് വെബ്സൈറ്റായ സാക്നില്‍ക്കിന്റെ കണക്കുപ്രകാരം 300 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍. ഓണം റിലീസ് ആയി എത്തിയ ചിത്രം 200 കോടി പിന്നിട്ടപ്പോഴും 300 കോടി എന്ന നേട്ടത്തിലേക്ക് എത്താന്‍ ലോകക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു വെല്ലുവിളി മോഹന്‍ലാല്‍ നായകനായ ചിത്രം എമ്പുരാനായിരുന്നു. എമ്പുരാനയും കടത്തിവെട്ടി മുന്നേറിയ ലോക ഇപ്പോള്‍ മലയാള സിനിമയിലെ 300 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടമാണ് സ്വന്തമായിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്നീ നേട്ടങ്ങള്‍ക്ക് പുറമേ, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുന്‍നിര ചിത്രങ്ങളെ മറികടന്ന് മലയാളത്തില്‍ 300 കോടി രൂപ കടക്കുന്ന ആദ്യ ചിത്രമായും ലോക മാറി. ഓണം റിലീസ് ആയി എത്തിയ ചിത്രം ഒടിടി റിലീസെന്ന അഭ്യൂഹങ്ങളെ പിന്തള്ളി നിര്‍മാതാവ് ദുല്‍ഖര്‍ തന്നെയാണ് തിയേറ്റര്‍ റിലീസ് ഉറപ്പിച്ചത്. ആ തീരുമാനം ശരിയായെന്ന് ഉറപ്പിക്കുന്നതായിരുന്നു ലോകയുടെ റോക്കറ്റ് വേഗത്തിലെ കളക്ഷന്‍. പ്രദര്‍ശനം തുടങ്ങി ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബില്‍ ഇടം നേടിയ ലോക രണ്ട് ആഴ്‌ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയത്. റിലീസ് ചെയ്‌ത് 24-ാം ദിനമായ ശനിയാഴ്‌ച രാവിലെയോടെയാണ് എമ്പുരാന്റെ റെക്കോര്‍ഡ് കളക്ഷന്‍ ലോക മറികടന്നത്. ഇതോടെ ഓള്‍ ടൈം ഹൈയെസ്റ്റ് വേള്‍ഡ് വൈഡ് ഗ്രോസറായിക്കൊണ്ട് ലോക ഇന്‍ഡസ്ട്രി ഹിറ്റ് സൃഷ്‌ടിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു ഭാഷയിലെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ഇതോടെ ഒരു നായികയുടെ പേരിലായി. മോഹന്‍ലാല്‍ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളിലൂടെ കൈയടക്കി വച്ച റെക്കോര്‍ഡുകളാണ് 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ സ്വന്തം പേരിലാക്കി മാറ്റിയിരിക്കുന്നത്.
കല്യാണി പ്രിയദര്‍ശന്‍ ചന്ദ്രയായി നിറഞ്ഞാടിയ ചിത്രം, ആദ്യദിനം മുതല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റ് ലിസ്‌റ്റില്‍ ഇടംനേടി. കേരളത്തിനകത്തും പുറത്തുമായി വമ്പന്‍ വിജയമാണ് ലോക സ്വന്തമാക്കിയത്. തെന്നിന്ത്യയില്‍ നിന്നുള്ള, സ്ത്രീകേന്ദ്രീകൃതമായൊരു സിനിമ നേടുന്ന വിജയം എന്ന നിലയിലും ലോകയുടെ നേട്ടം ശ്രദ്ധേയമാണ്. മുപ്പത് കോടിയുടെ ബജറ്റില്‍ ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ തന്നെ ആദ്യ സിനിമയാണ്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. റെക്കോര്‍ഡുകള്‍ ഭേദിച്ച ലോകയുടെ അടുത്ത ഭാഗം ഉടനുണ്ടാകും.