ബ്രിട്ടനിലെ സീറോ മലബാര്‍ സഭയിലെ വിശ്വാസികളും ക്നാനായ സമൂഹവും സംബന്ധിച്ചുള്ള വിവാഹ കൂദാശയുടെ സാധുതയെ കുറിച്ച് കാനോനിക നിയമങ്ങള്‍ വിശദീകരിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സര്‍ക്കുലര്‍ പുറത്തിറക്കി. 2016-ല്‍ ഫ്രാന്‍സിസ് പാപ്പാ സ്ഥാപിച്ച ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പരിധിയിലാണ് ബ്രിട്ടനിലെ ക്നാനായരടക്കമുള്ള എല്ലാ സീറോ മലബാര്‍ വിശ്വാസികളും ഉള്‍പ്പെടുന്നതെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ സ്ഥിരതാമസമോ (ഡൊമിസൈല്‍) ക്വാസി-ഡൊമിസൈല്‍ പദവിയോ ഉള്ളവര്‍ സീറോ മലബാര്‍ രൂപതയുടെ നിയമപരിധിയിലായിരിക്കുമെന്നും, ഇവരുടെ ആത്മീയ പരിപാലനത്തിന്റെ ചുമതല രൂപതയിലെ വൈദികര്‍ക്കാണ് എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
സീറോ മലബാര്‍ സഭ പൗരസ്ത്യ സഭകളില്‍പ്പെട്ട ഒരു സ്വയംഭരണ സഭയായതിനാല്‍ അതിലെ വിശ്വാസികള്‍ തമ്മിലുള്ള വിവാഹം സാധുവായിരിക്കണമെങ്കില്‍ അതാത് സഭയുടെ പുരോഹിതന്റെ നേതൃത്വത്തിലാണ് നടത്തേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു. രണ്ട് വ്യത്യസ്ത സഭകളില്‍ പെട്ട വിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തിന് അനുമതി ആവശ്യമില്ല. ഒരേ സഭയില്‍ പെട്ട രണ്ട് വിശ്വാസികളുടെ വിവാഹം അവരുടേതില്‍ നിന്ന് വ്യത്യസ്തമായ റീത്തില്‍ വിവാഹം നടത്തുമ്പോള്‍ അതിന് രൂപതാ മെത്രാനോ അധികാരപ്പെട്ട പുരോഹിതനോ നല്‍കിയ അനുമതി അനിവാര്യമാണെന്നും മാര്‍ സ്രാമ്പിക്കല്‍ വ്യക്തമാക്കി. ഒരു ഇടവകയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത് ഭരണപരമായ കാര്യം മാത്രമാണ്; അത് സഭാപരമായ അംഗത്വം നിര്‍ണ്ണയിക്കുന്നില്ല എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ക്നാനായ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കാന്‍ രൂപത നടത്തിയ നടപടികളും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയുടെ അഭ്യര്‍ഥന പ്രകാരം, രാജ്യത്തുടനീളം 15 ക്നാനായ മിഷനുകളും 8 ക്നാനായ വൈദികരുടെ സേവനവുമാണ് രൂപത ക്രമീകരിച്ചിരിക്കുന്നത്.
'തോമാശ്ലീഹായുടെ ആഗമനം സുറിയാനി പാരമ്പര്യത്തിന് ശക്തി നല്‍കിയതുപോലെ, ക്നാനായ പാരമ്പര്യം സീറോ മലബാര്‍ സഭയുടെ ജീവിതസ്രോതസ്സിനകത്ത് തന്നെയാണ് നിലനില്‍ക്കേണ്ടത്,' എന്ന് ബിഷപ്പ് സര്‍ക്കുലറില്‍ പറയുന്നു. പരിശുദ്ധ മറിയം, മാര്‍ യൗസേപ്പ്, മാര്‍ തോമാശ്ലീഹ, വിശുദ്ധ അല്‍ഫോന്‍സാമ്മ എന്നിവര്‍ മധ്യസ്ഥരായി എല്ലാ വിശ്വാസികളിലേക്കും ദൈവാനുഗ്രഹം നിറയട്ടേയെന്ന് പ്രാര്‍ത്ഥിച്ച് മാര്‍ സ്രാമ്പിക്കല്‍ സന്ദേശം ഉപസംഹരിക്കുന്നു. സര്‍ക്കുലര്‍ ഒക്ടോബര്‍ 12 ഞായറാഴ്ചയോ അതിനടുത്ത ഞായറാഴ്ചയോ എല്ലാ ഇടവകകളിലും വിശുദ്ധ കുര്‍ബാനയ്ക്കിടെ വായിക്കണമെന്ന് രൂപത നിര്‍ദേശിച്ചിട്ടുണ്ട്.