ലോകത്തെ ഏറ്റവും വലിയ സാമൂഹിക സംരംഭ നേതാക്കളുടെ വേദിയായ സോഷ്യല്‍ എന്റര്‍പ്രൈസ് വേള്‍ഡ് ഫോറം 2025 (SEWF25) ഒക്ടോബറില്‍ തായ്വാനിലെ തായ്പേയില്‍ നടക്കാനിരിക്കുകയാണ്. അതില്‍ സ്കോട്‌ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുത്ത 11 പേരില്‍ ഒരാളായി എറണാകുളം ആലുവ സ്വദേശിയായ സമുറത്ത് ജാബിര്‍ അംഗീകാരം നേടി. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ധനസഹായത്തോടെ നല്‍കുന്ന ബര്‍സറി ലഭിച്ച അപൂര്‍വനേട്ടത്തിന് അര്‍ഹനായ മലയാളിയാണ് സമുറത്ത്.
2022-ല്‍ ഉപരിപഠനത്തിനായി യുകെയിലെത്തിയ സമുറത്ത്, യൂണിവേഴ്‌സിറ്റി ഓഫ് ലാങ്കാഷറില്‍ നിന്ന് ഇന്റര്‍കള്‍ച്ചറല്‍ ബിസിനസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി. നിലവില്‍ സ്കോട്‌ലന്‍ഡിലെ കാംബെല്‍ടൗണില്‍ താമസിക്കുന്ന സമുറത്ത്, ഇന്‍സ്പിര്‍ ആല്‍ബയുടെ സംരംഭമായ റൂറല്‍ സോഷ്യല്‍ എന്റര്‍പ്രൈസ് ഹബ്ബിന്റെ (Rural SE Hub) ഡിജിറ്റല്‍ കോഓര്‍ഡിനേറ്ററാണ്.
600-ല്‍ അധികം അംഗങ്ങളുള്ള ഹബ്ബിന്റെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യല്‍, ഡിജിറ്റല്‍ കണ്ടന്റ് നിര്‍മ്മാണം, ഷോര്‍ട്ട് ഫിലിമുകള്‍, സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ സാമൂഹിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ സമുറത്ത് നിര്‍ണായക പങ്ക് വഹിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിച്ച സമുറത്തിന്റെ സംഭാവനകളാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്.
അപേക്ഷ അയച്ചത് അവസാന നിമിഷത്തില്‍, മാനേജരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്. തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നെങ്കിലും, ആഗോള വേദിയില്‍ സ്കോട്‌ലന്‍ഡിനെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് സമുറത്ത്.
സാമൂഹിക സംരംഭങ്ങള്‍ ലാഭം മാത്രമല്ല, സാമൂഹികവും പരിസ്ഥിതിപരവുമായ നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന സ്ഥാപനങ്ങളാണ്. സ്‌കോട്ലന്‍ഡില്‍ നിലവില്‍ 6103 സാമൂഹിക സംരംഭങ്ങളുണ്ട്. 90,050-ത്തിലധികം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഗ്രാമീണ മേഖലയുടെ സാമ്പത്തിക-സാമൂഹിക നട്ടെല്ലായി ഈ സംരംഭങ്ങള്‍ മാറിയിട്ടുണ്ട്. 2016-2026 കാലയളവിനുള്ള Scotland's Social Enterprise Strategy ഈ മേഖലയെ ശക്തമായി പിന്തുണയ്ക്കുന്നു.
SEWF25-ല്‍ 139 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 2000-ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 2008-ല്‍ എഡിന്‍ബര്‍ഗില്‍ ആരംഭിച്ച ഈ ഫോറത്തിന്റെ ഈ വര്‍ഷത്തെ പ്രധാന സമ്മേളനം തായ്പേയിലാണ്. എന്നാല്‍ മലേഷ്യയില്‍ നടക്കുന്ന അനുബന്ധ ഫോറത്തിലാകും സമുറത്ത് പങ്കെടുക്കുക. കൂടാതെ, 300 പേരടങ്ങുന്ന പാനലിന് മുന്‍പായി സ്കോട്‌ലന്‍ഡിന്റെ സാമൂഹിക സംരംഭകത്വത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരവും സമുറത്തിന് ലഭിച്ചിട്ടുണ്ട്.