ബിസിനസ്‌

ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും

30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്നതിന്റെ ഭാഗമായി അടുത്ത മാസം അവതരിപ്പിക്കുന്ന ഓട്ടം ബജറ്റില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കടുത്ത പ്രഖ്യാപനങ്ങള്‍ക്കാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഒരുങ്ങുന്നത്. ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഉള്‍പ്പെടുന്ന കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് സ്കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

നികുതി വര്‍ധനയെ കുറിച്ച് പരസ്യമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഈ അഭിമുഖത്തില്‍ അവര്‍ ആദ്യമായി അത് തുറന്നുപറയുകയായിരുന്നു . 2029-30 മുതല്‍ സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ വായ്പയില്‍ ആശ്രയിക്കാതെ നികുതിയിലൂടെ തന്നെ നടത്തണമെന്ന ധനകാര്യ ചട്ടം ലംഘിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ധനകാര്യ നിയന്ത്രണത്തിലെ വീഴ്ച മൂലമാണ് ഇപ്പോഴത്തെ വെല്ലുവിളികള്‍ ഉണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ ഏറ്റവും പുതിയ വിലയിരുത്തലില്‍ ബ്രിട്ടീഷ് സാമ്പത്തിക ഉല്‍പാദനക്ഷമത പ്രതീക്ഷിച്ചതിലും താഴ്ന്നതായാണ് കണ്ടെത്തിയത്. കൂടാതെ ശീതകാല ഇന്ധനസഹായ പദ്ധതികളിലെയും ക്ഷേമ പരിഷ്കാരങ്ങളിലെയും പല തീരുമാനങ്ങളും സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ധിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട് . ഐഎംഎഫ് അടുത്തിടെ യുകെയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 1.3% ആയി ഉയര്‍ത്തിയെങ്കിലും, അടുത്ത വര്‍ഷത്തേക്ക് അതേ നിലയില്‍ തന്നെ നില നില്‍ക്കും എന്ന് പ്രവചിച്ചിട്ടുണ്ട് . അതായത്, സമ്പദ്‌വ്യവസ്ഥയില്‍ നേരിയ വളര്‍ച്ചയുണ്ടെങ്കിലും വരുമാനം കുറഞ്ഞേക്കാം. ഇതിന് പുറമേ, ബ്രെക്സിറ്റ്, ലിസ് ട്രസ് സര്‍ക്കാരിന്റെ മിനി-ബജറ്റ് എന്നിവയും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളാണെന്ന് റീവ്സ് വ്യക്തമാക്കി.

നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഏറ്റവും കൂടുതല്‍ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയും ക്ഷേമപദ്ധതികളില്‍ ആശ്രയിക്കുന്നവരെയും ആയിരിക്കും. ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ കൂടുമ്പോള്‍ ഇവരുടെ ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ പൊതുസേവനങ്ങളിലെ ചില ചെലവുകള്‍ ചുരുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുണ്ട്. താന്‍ വെല്ലുവിളികളില്‍ നിന്ന് പിന്‍മാറില്ലെന്നും എന്നാല്‍ ധനകാര്യ നിയന്ത്രണം ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനാണ് ലക്ഷ്യവെയ്ക്കുന്നതെന്നും ആയിരുന്നു റീവ്സ് പ്രതികരിച്ചത് .

ഈ വര്‍ഷം ലോകത്തെ ആധുനിക സമ്പദ് വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കി. കൂടാതെ പാശ്ചാത്യ നാടുകളിലെ ജീവിതനിലവാരം മോശം വളര്‍ച്ച നേടുന്ന രാജ്യമായും ബ്രിട്ടന്‍ മാറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇതിനെല്ലാം പുറമെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തു തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതായും വ്യക്തമായത് ചാന്‍സലര്‍ക്ക് തിരിച്ചടിയാണ്. വരുമാന വളര്‍ച്ച കുത്തനെ താഴുന്നുവെന്നാണ് ഇതിനൊപ്പം ചേര്‍ത്തുവെയ്ക്കുന്ന കണക്ക്.

സാമ്പത്തിക പ്രതിസന്ധിയുടെ അപകടത്തിലേക്ക് ബ്രിട്ടന്‍ പെട്ടെന്ന് എത്തിപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി ഉന്നത ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions