ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും നേരെയുള്ള യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു മുതിര്‍ന്ന നഴ്സുമാരും മെഡിക്കല്‍ രംഗത്തെ പ്രമുഖരും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍, സംഘര്‍ഷങ്ങളില്‍ മരണമടയുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ എണ്ണം അഞ്ചിരട്ടിയായി എന്ന് ചൂണ്ടിക്കാണിച്ച റോയല്‍ കോളേജ് ഓഫ് നഴ്സിംഗും (ആര്‍ സി എന്‍), ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും (ബി എം എ) ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നതിന് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിന് (ഐ സി സി) പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2016ല്‍ വിവിധ സംഘര്‍ഷങ്ങളിലായി 175 ആരോഗ്യ പ്രവര്‍ത്തകര്‍ മരണമടഞ്ഞപ്പോള്‍, 2024 ല്‍ അത് 932 ആയി വര്‍ദ്ധിച്ചു എന്ന് ആര്‍ സി എന്നിന്റെ ഇന്റര്‍നാഷണല്‍ നഴ്സിംഗ് അക്കാദമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സെക്യൂരിറ്റി ഇന്‍സൈറ്റ്‌സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പലസ്തീന്‍, യുക്രെയിന്‍, ലെബനണ്‍ എന്നിവിടങ്ങളിലാണ് ഈ മരണങ്ങളില്‍ കൂടുതലും നടന്നിരിക്കുന്നത്. സമാനമായ രീതിയില്‍, ആരോഗ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും, ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.