ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സനെതിരെ യുകെയില്‍ മൂവായിരത്തിലധികം ആളുകള്‍ നിയമനടപടി ആരംഭിച്ചു. കമ്പനി വര്‍ഷങ്ങളോളം ആസ്ബസ്റ്റോസ് മാലിന്യം കലര്‍ന്ന ടാല്‍ക്കം പൗഡര്‍ വില്‍പന നടത്തിയെന്നും അതിന്റെ ഫലമായി തങ്ങളോ കുടുംബാംഗങ്ങളോ ഒവേറിയന്‍ കാന്‍സര്‍ അല്ലെങ്കില്‍ മെസോതെലിയോമ പോലുള്ള രോഗങ്ങള്‍ക്ക് ഇരയായെന്നും ആണ് അവര്‍ ആരോപിക്കുന്നത്. ഈ പരാതികള്‍ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിലവില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ലോകത്ത് വ്യാപാരാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ടാല്‍ക്കിന്റെ ഖനികളില്‍ പലതും ആസ്ബസ്റ്റോസ് അടങ്ങിയവയാണ് എന്നും, ജോണ്‍സണ്‍ & ജോണ്‍സണ്‍ അതറിയാമായിരുന്നിട്ടും സത്യങ്ങള്‍ മറച്ചുവെച്ച് ഉല്‍പ്പന്നം വില്‍പന തുടര്‍ന്നുവെന്നുമാണ് പരാതിക്കാരുടെ അഭിഭാഷകന്‍ മൈക്കല്‍ റോളിന്‍സണ്‍ കെ സി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. കൂടാതെ കമ്പനി നിയന്ത്രണ ഏജന്‍സികളില്‍ സ്വാധീനം ചെലുത്തുകയും, അപകടസാധ്യത കുറച്ച് കാണിക്കുന്ന പഠനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തതായി ആരോപണം ഉണ്ട്.
എന്നാല്‍ ജോണ്‍സണ്‍ & ജോണ്‍സന്റെയും അതിന്റെ ഉപകമ്പനിയായ കെന്‍വ്യൂയയും ആരോപണങ്ങള്‍ തള്ളി. ബേബി പൗഡറില്‍ ഉപയോഗിച്ചിരുന്ന പദാര്‍ത്ഥങ്ങള്‍ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളവയും കാന്‍സറുമായി ബന്ധമില്ലാത്തതുമാണ് എന്നാണ് കമ്പനി പറയുന്നത്.