വിവാദങ്ങള്‍ക്കിടെ, ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഐഡി ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് തുടക്കമായി. മുന്‍ സൈനികര്‍ക്ക് ഡിജിറ്റല്‍ വെറ്ററന്‍ കാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മറിച്ച്, എല്ലാത്തരത്തിലുമുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ 2027 അവസാനത്തോടെ ഫോണില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങി നിരവധി രേഖകള്‍ ഇതുവഴി ഫോണില്‍ ലഭ്യമാകും.
ടവര്‍ ഓഫ് ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് മുന്‍ സൈനികര്‍ കാര്‍ഡുകള്‍ സ്വീകരിച്ചത്. ഇത് ഉപയോഗിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുമോ എന്ന് ചിലര്‍ തമാശയായി ചോദിക്കുന്നുമുണ്ടായിരുന്നു. ചിലര്‍ക്ക്, ഇന്റര്‍നെറ്റിന്റെ പിഴവുകള്‍ കാരണം കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി എന്നതൊഴിച്ചാല്‍ എല്ലാം ഭംഗിയായി നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആപ്പിള്‍ അല്ലെങ്കില്‍ ഗൂഗിള്‍ മാതൃകയിലുള്ള, വാലറ്റ് ആപ്പില്‍ എല്ലാ സര്‍ക്കാര്‍ രേഖകളും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ അന്തിമ ലക്ഷ്യം. 2027 അവസാനത്തോടെ ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫോണുകളില്‍ പെയ്‌മെന്റ് കാര്‍ഡുകള്‍ സൂക്ഷിക്കുന്ന സുരക്ഷിതമായ സാങ്കേതിക വിദ്യ തന്നെയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതും. അതുകൊണ്ടു തന്നെ ഡാറ്റാ ചോര്‍ച്ച പോലുള്ള കാര്യങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുന്നു.
അടുത്തിടെ പ്രഖ്യാപിച്ച, ജോലി ചെയ്യാനുള്ള അവകാശം നിര്‍ബന്ധപൂര്‍വം പരിശോധിക്കുന്ന പദ്ധതിയുടെ ഭാഗമല്ല ഇതെന്നാണ് അധികൃതര്‍ പറയുന്നത്.