രാജ്യത്തു ഗ്രീന്‍ എനര്‍ജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുകെ സര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 400,000 പുതിയ ജോലികള്‍ ഉണ്ടാക്കാനാണ് പദ്ധതിയെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് അറിയിച്ചു. ഫോസില്‍ ഇന്ധന മേഖലയില്‍ നിന്ന് മാറി വരുന്ന തൊഴിലാളികള്‍ക്കും, തൊഴില്‍രഹിതര്‍ക്കും, മുന്‍സൈനികര്‍ക്കും, തടവുകാര്‍ക്കും ഈ പദ്ധതിയില്‍ പ്രത്യേക പരിശീലനവും അവസരങ്ങളും നല്‍കും.
പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വെല്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യകതയുണ്ടാകുക. 2030ഓടെ മാത്രം 8,000 മുതല്‍ 10,000 വരെ അധിക പ്ലംബര്‍മാരെ ആവശ്യമുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍പെന്റര്‍മാര്‍ക്കും വെല്‍ഡര്‍മാര്‍ക്കും ആയിരക്കണക്കിന് പുതിയ അവസരങ്ങള്‍ ലഭിക്കും. ഗ്രീന്‍ എനര്‍ജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരാശരി 50,000 വരെ ശമ്പളമാണ് ലഭിക്കുക എന്നതും മിലിബാന്‍ഡ് പറഞ്ഞു.
വിവിധ തൊഴിലാളി യൂണിയനുകള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. തൊഴിലാളികള്‍ക്ക് നല്ല ശമ്പളവും സ്ഥിരതയുള്ള ജോലികളും ഉറപ്പാക്കണം എന്ന് യൂണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരണ്‍ ഗ്രഹാം പറഞ്ഞു. സര്‍ക്കാര്‍ പുതിയ സാങ്കേതിക വിദ്യാ കോളജുകളും, പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് കൂടുതല്‍ പേര്‍ക്ക് തൊഴിലും അവസരങ്ങളും സൃഷ്ടിക്കുന്നതിന് ഉപകാരപ്പെടും എന്നാണ് വിലയിരുത്തല്‍.