യുകെയില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ കോഴ്സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സാധ്യതകള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടു വി-ലെവല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടു സര്‍ക്കാര്‍. നിലവില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ പാസായി ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുകയാണ് ചെയ്യുന്നത്.
ഇതിനു സാധിക്കാത്തവര്‍ക്ക് ലെവല്‍-3 ബിടെക് കോഴ്സുകള്‍ക്ക് (ടി-ലെവല്‍) ചേര്‍ന്ന് പഠനം തുടരാം. എന്നാല്‍ ഇതിനു രണ്ടിനും സാധിക്കാത്തവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം എന്ന നിലയിലാണ് 16 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതിക വിദ്യയില്‍ പരിശീലനം ലഭിക്കുന്ന വി- ലെവല്‍ കോഴ്സുകള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ നിലവിലെ ബിടെക്കും ഈ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാകും പുതിയ പരിഷ്കരണം.
ഉപരിപഠനത്തിനായി ഇംഗ്ലിഷ്, മാത്സ് പരീക്ഷകളുടെ റീസിറ്റിങ് ഒഴിവാക്കാനും വി-ലെവല്‍ കോഴ്സകളിലൂടെ സാധിക്കും. സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പുതിയ ചുവടുവയ്പാകും വി- ലെവല്‍ കോഴ്സുകള്‍ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എ-ലെവലിനു പുറമെ ഇപ്പോള്‍ രാജ്യത്ത് തൊള്ളായിരത്തോളം കോഴ്സുകളാണ് നിലവിലുള്ളത്. ഇവയെ എല്ലാം ഒരു കുടക്കീഴിലാക്കി പ്രവേശന നടപടികളും മറ്റും ലഘൂകരിക്കുകയും ജോലിസാധ്യതകള്‍ എളുപ്പമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വി-ലെവല്‍ ആവിഷ്കരിച്ചാലും ജിസിഎസ്ഇ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് തല്‍കാലം പതിവുപോലെ എ-ലെവല്‍, ടി-ലെവല്‍ കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാനുള്ള അവസരം തുടരും.