ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി . കേസ് ഇനി നവംബര്‍ 15 ന് വീണ്ടും പരിവഗണിക്കും. അടച്ചിട്ട കോടതി മുറിയിലായിരുന്നു കോടതി നടപടി. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു.
മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറിയത്. എസ്ഐടി തലവന്‍ എസ്പി എസ് ശശിധരന്‍ നേരിട്ട് ഹാജരായി. അടച്ചിട്ട മുറിയിലാണ് കേസിന്റെ വിശദാംശങ്ങള്‍ ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആറാഴ്ചയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിയ്ക്ക് സമയം നല്‍കിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതീവ രഹസ്യ സ്വഭാവമുള്ളതായിരിക്കും മുന്നോട്ടുകൊണ്ടുപോകുക. ശബരിമലയില്‍ നടന്നത് സ്വര്‍ണക്കവര്‍ച്ചയെന്ന എസ്‌ഐടിയുടെ വിലയിരുത്തല്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ്, കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ അടങ്ങിയ റിപ്പോര്‍ട്ട് ആണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.