നോട്ടിംഗ്ഹാമില്‍ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതായി പോലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു ദിവസമായി വീട്ടില്‍ എത്തിയിട്ടില്ലാത്ത ജോര്‍ജ്(47) എന്ന പേരുള്ള മലയാളി മധ്യവയസ്‌കനെയാണ് കാണാതായിരിക്കുന്നത്.
പിസ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ യാത്ര ആരംഭിച്ചതാണ്. എന്നാല്‍ ജോലി സ്ഥലത്തു എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പള്ളി ഭാരവാഹികള്‍ അടക്കം ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ജോര്‍ജിന്റെ സഞ്ചാര വഴികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പോലീസ് ഇന്നലെ മുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതോടെ ജോര്‍ജിനെ അവസാനമായി കാണാനായത് എവിടെ ആണെന്നതിനെ കുറിച്ചും സൂചന ലഭിക്കും എന്നാണ് പ്രതീക്ഷ.
സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം കുടുംബം തിരയുകയും പ്രദേശത്തെ മലയാളികളുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ വഴിയും ഒക്കെ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭ്യമല്ല. ഇദ്ദേഹം പോകാനിടയുള്ള മുഴുവന്‍ സ്ഥലങ്ങളിലും വീട്ടുകാര്‍ തിരക്കിയിട്ടും സൂചനകള്‍ ഒന്നും ലഭ്യമല്ല. ഇതേത്തുടര്‍ന്നാണ് പോലീസ് പൊതുജന സഹായം തേടി ജോര്‍ജിനെക്കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിച്ചത്.
ഇന്ന് രാവിലെ പോലീസ് അപ്ഡേറ്റ് നടത്തിയ ശേഷമാണ് അധികം പേരും ഈ വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിയായ ജോര്‍ജ് യുകെയില്‍ എത്തിയിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ലഭ്യമായ വിവരം.