യുകെയിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വരാമെന്നു റിപ്പോര്‍ട്ടുകള്‍. പരിപാലന ചെലവ് താങ്ങാനാവാത്തതും പുതു തലമുറ വിശ്വാസത്തില്‍ നിന്ന് അകലുന്നതും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പള്ളികള്‍ അടച്ചിടുകയോ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ചില പള്ളികള്‍ വാങ്ങി മോസ്‌ക്കാക്കി മാറ്റി.
യുകെയിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളില്‍ പലതും ചരിത്രപ്രധാനമായ നിര്‍മ്മിതികളാണ്. മതസ്ഥാപനങ്ങള്‍ മാത്രമായല്ല , പള്ളികള്‍ സമൂഹ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും പ്രധാന കേന്ദ്രമായും പ്രവര്‍ത്തിക്കുന്നവയായിരുന്നു.
നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നടത്തിയ സര്‍വേ പ്രകാരം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ ഏകദേശം 900 പള്ളികള്‍ അടച്ചു പൂട്ടപ്പെടാന്‍ സാധ്യതയുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 3,600-ലധികം പള്ളികളില്‍ ഏകദേശം 20% കെട്ടിടങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തകര്‍ന്നുവെന്ന് അറിയിക്കുകയും, 40% പള്ളികളുടെ മേല്‍ക്കൂരകള്‍ അടിയന്തിരമായി പരിചരണം ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പല പള്ളികളും അടിസ്ഥാന ചെലവുകള്‍ക്കായി ഫണ്ടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പ് ആരാധനാലയ പരിചരണത്തിന് 25,000 പൗണ്ടില്‍ മുകളിലുള്ള ചെലവില്‍ വാറ്റ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫണ്ട് സ്രോതസ്സുകളെ ആശ്രയിച്ചിരുന്ന പള്ളികള്‍ക്ക് അധിക ഭാരം ആയി. . പള്ളികള്‍ സമൂഹത്തിനും സാമൂഹിക സേവനങ്ങള്‍ക്കും കേന്ദ്രമാണെന്നും ഇവ സംരക്ഷിക്കാതെ വിട്ടാല്‍ രാജ്യത്തിന്റെ സാമൂഹിക അന്തരീക്ഷം നഷ്ടപ്പെടുമെന്നുള്ള അഭിപ്രായം ശക്തമാണ്. പള്ളികള്‍ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് യുകെയുടെ ചരിത്ര സംസ്‌കാരത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
യുകെയിലെ യുവ തലമുറ മതവിശ്വാസത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന പ്രവണത കൂടിവരുകയാണ്. മലയാളികളടക്കമുള്ള കുടിയേറ്റ സമൂഹമാണ് പള്ളികളും പ്രാര്‍ത്ഥനകളുമായി സജീവമായി ഇടപെടുന്നത്. കേരളത്തിലെ സഭകള്‍ യുകെയില്‍ സ്വന്തമായി ആരാധനാലയങ്ങള്‍ സ്വന്തമാക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്.