ബജറ്റിന് മുന്‍പ് ചാന്‍സലര്‍ക്ക് നേരിയ ആശ്വാസമായി പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തുടരുന്നു. സെപ്റ്റംബറില്‍ പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തന്നെ തുടര്‍ന്നതായാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ സ്ഥിരീകരിച്ചത്.
നിരക്ക് ഉയര്‍ന്ന നിലയിലാണെങ്കിലും ഇതിലേറെ വര്‍ധിക്കുമെന്ന ആശങ്കയാണ് ഒഴിവായത്. പണപ്പെരുപ്പം സെപ്റ്റംബറില്‍ 4 ശതമാനത്തിലെത്തിയ ശേഷം താഴുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നത്.
അടുത്ത വര്‍ഷത്തെ ബെനഫിറ്റുകള്‍ എത്രത്തോളം വര്‍ധിക്കുമെന്ന് തീരുമാനിക്കുന്നത് സെപ്റ്റംബറിലെ പണപ്പെരുപ്പം അടിസ്ഥാനമാക്കിയാണ്. അതിനാല്‍ ഈ കണക്കുകള്‍ ഏറെ പ്രധാനമാണ്. പെട്രോള്‍, വിമാന നിരക്കുകള്‍ വര്‍ധിച്ചെങ്കിലും വിലക്കയറ്റത്തിലെ ചെറിയ ഇടിവാണ് ആശ്വാസത്തിലേക്ക് നയിച്ചതെന്ന് ഒഎന്‍എസ് പറയുന്നു.
പണപ്പെരുപ്പം ഭയപ്പെട്ടത് പോലെ മോശമാകാത്ത സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്ന പ്രതീക്ഷയും സജീവമായി. ഡിസംബറില്‍ നിരക്കുകള്‍ 3.75 ശതമാനത്തിലേക്ക് കുറയ്ക്കാനുള്ള സാധ്യതകളാണ് വിപണി കാണുന്നത്.
നവംബറിലെ മോണിറ്ററി പോളിസി യോഗത്തില്‍ പലിശ കുറയ്ക്കാന്‍ ഇടയില്ലെന്നും സാമ്പത്തിക വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു. പണപ്പെരുപ്പം പരമോന്നതിയില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാകും ഇനിയൊരു തിരിച്ചിറക്കം.