ലണ്ടന്‍: റിയല്‍ ലിവിംഗ് വേജ് ഉയരുന്നതോടെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് അവരുടെ വേതനത്തില്‍ വര്‍ദ്ധനവുണ്ടാകും. യഥാര്‍ത്ഥ ജീവിത ചെലവുകളെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ഒരു വോളന്ററി വേതനമാണ് റിയല്‍ ലിവിംഗ് വേജ്. 16,000 ല്‍ അധികം തൊഴിലുടമകള്‍ ഇപ്പോള്‍ ഈ നിരക്കിലുള്ള വേതനം നല്‍കുന്നുണ്ട്. വേതനം മണിക്കൂറില്‍ 85 പെന്‍സ് വര്‍ധിച്ച് 13.45 പൗണ്ട് ആയിരിക്കുകയാണ്. ലണ്ടനില്‍ 95 പൗണ്ട് വര്‍ധിച്ച് 14.80 പൗണ്ടും ആയിട്ടുണ്ട്.
ഈ നിരക്കുകള്‍ നിശ്ചയിക്കുന്ന ലിവിംഗ് വേജ് ഫൗണ്ടേഷന്‍ പറയുന്നത് ഈ വര്‍ഷത്തെ വേതന വര്‍ധനവോടെ ഒരു പൂര്‍ണ്ണ സമയ തൊഴിലാളിക്ക്, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തേക്കാള്‍ പ്രതിവര്‍ഷം 2,418 പൗണ്ട് അധികമായി ലഭിക്കും എന്നാണ്. ലണ്ടനില്‍ ഉള്ളവര്‍ക്ക് 5050 പൗണ്ട് ആയിരിക്കും അധികമായി ലഭിക്കുക.
റീയല്‍ ലിവിംഗ് വേജ് നല്‍കാന്‍ തയ്യാറാകുന്ന തൊഴിലുടമകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായും ഫൗണ്ടേഷന്‍ അറിയിച്ഛു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ 2500 തൊഴിലുടമകളാണ് പുതിയതായി ഇതിന് തയ്യാറായി എത്തിയത്.