പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുകയും ഭക്ഷ്യവസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാതെ നിര്‍ത്തുകയായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിന്നതോടെ മോര്‍ട്ട്‌ഗേജ് വിപണി ആശങ്കയിലായി. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പലിശ നിരക്ക് താഴ്‌ന്നേക്കുമെന്ന വാര്‍ത്ത പുറത്തു വരുകയാണ്. അതിനു ബലമേകി രണ്ട് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു. ചില ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകളുടെ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് ഇന്നലെ എച്ച് എസ് ബി സിയും ബാര്‍ക്ലെയിസും പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതും പരിഗണനയിലെത്തി. പല വിദഗ്ധരും പ്രവചിക്കുന്നത് ഈ വര്‍ഷം തന്നെ പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തുമെന്നാണ്. നേരത്തേ, 2026 ആകുന്നതു വരെ പലിശ നിരക്ക് കുറയില്ല എന്നായിരുന്നു പ്രവചനം. അടിസ്ഥാന നിരക്കില്‍ കുറവ് വന്നാല്‍, മോര്‍ട്ട്‌ഗേജ് നിരക്കിലും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാം. നിലവിലെ മോര്‍ട്ട്‌ഗേജ് നിരക്ക് ശരാശരി അഞ്ചു ശതമാനമാണ്.
ബാര്‍ക്ലെയിസ് മോര്‍ട്ട്‌ഗേജ് നിരക്കില്‍ 0.1 ശതമാനത്തിന്റെ കുറവാണ് വരുത്തുന്നത്. പുതിയ ഓഫര്‍ അനുസരിച്ച് 40 ശതമാനം ഡെപ്പോസിറ്റില്‍ 4.01 ശതമാനം നിരക്കില്‍ അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് ഡീല്‍ ലഭ്യമാകും. 899 പൗണ്ടിന്റെ പ്രൊഡക്റ്റ് ഫീസ് അധികമായി നല്‍കേണ്ടി വരും.
'പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും നിലവില്‍ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുവന്നിട്ടില്ല. ഭാവിയില്‍ നിരക്കുകള്‍ കുറയ്ക്കുന്നത് ഘട്ടംഘട്ടമായും, ശ്രദ്ധയോടെയും ആയിരിക്കും', ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുമ്പ് പറഞ്ഞിരുന്നു.
ഭക്ഷ്യവിലക്കയറ്റം കരുത്താര്‍ജ്ജിക്കുകയും, മറുഭാഗത്ത് തൊഴില്‍ വിപണി മെല്ലെപ്പോക്കിലാകുകയും ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.