ഹാരി രാജകുമാരനും മേഗനും തമ്മില്‍ അകല്‍ച്ചയിലാണെന്ന തരത്തില്‍ കൂടുതല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തേയ്ക്ക്. ഹാരി നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആലോചനയില്‍ ആണെന്നും, എന്നാല്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിന് അതില്‍ യാതൊരു താത്പര്യവും ഇല്ലെന്നുമാണ് സൂചന . യുകെയിലേക്ക് തിരിച്ചുവരാനുള്ള ആശയം തന്നെ മേഗനെ 'അത്യന്തം അസ്വസ്ഥയാക്കി' എന്നും, ഇതുമൂലം ഇരുവരുടെയും ബന്ധത്തില്‍ വന്‍ സംഘര്‍ഷം നിലനില്‍ക്കുന്നുവെന്നും ആണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹാരി യുകെയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍, യുഎസില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മേഗനുമായുള്ള ഈ അഭിപ്രായവ്യത്യാസം രാജകുടുംബത്തിനും തലവേദനയായി മാറിയെന്നാണ് വിവരം. കൊട്ടാരത്തിലെ ഉദ്യോഗസ്ഥര്‍ ഒരു 'ഗോള്‍ഡന്‍ ഹാന്‍ഡ്‌ഷേക്ക്' തരത്തിലുള്ള ധാരണാപത്രം തയ്യാറാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ നടപടിയിലൂടെ മേഗന്‍ രാജകുടുംബത്തെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നത് തടയാനാണ് ശ്രമമെന്ന് പറയുന്നു. ഇതില്‍ കര്‍ശനമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷകള്‍ ഉണ്ടാകുമെന്നും ആണ് സൂചന. ഡയാനാ രാജകുമാരിയുമായുണ്ടായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ഈ നീക്കങ്ങള്‍ രാജകുടുംബം സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.