ലണ്ടന്‍: ബ്രിട്ടീഷ് വിന്റര്‍ ടൈം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്നതിനാല്‍ ഇന്ന് രാത്രി കിടക്കും മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വച്ച് കിടന്നുറങ്ങുക. രാവിലെ ഒരു മണിക്കൂര്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യും. സ്മാര്‍ട്ട് ഫോണുകളിലും ഡിജിറ്റര്‍ ഗാഡ്ജറ്റുകളിലും എല്ലാം സമയം തനിയെ മാറും.
ഇനി തണുപ്പേറിയ രാത്രികളാണ് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയാണ് സമയം പിറകോട്ട് മാറുന്നത്. അതുപോലെ തന്നെ സമ്മര്‍ ടൈമിലേക്ക് മാറി പകലിന് ഒരു മണിക്കൂര്‍ സമയം കൂടുന്നത് മാര്‍ച്ച് അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയും. 'സ്പ്രിംങ് ഫോര്‍വേഡ്, ഫാള്‍ ബാക്ക്'എന്ന പ്രയോഗത്തിലൂടെയാണ് ഇംഗ്ലണ്ടില്‍ ഈ സയമമാറ്റം ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നത്. പകല്‍ വെളിച്ചം നേരത്തെയെത്തുന്നതു പ്രയോജനപ്പെടുത്താനും വൈകിട്ട് ഇരുട്ട് വീഴും മുമ്പ് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നതും ലക്ഷ്യമിട്ടാണ് വിന്ററില്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് വച്ച് തുടങ്ങിയത്.
ഒരു നൂറ്റാണ്ടിലേറയായി ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിക്കുന്ന രീതിയാണ് വേനല്‍ക്കാലത്തെയും തണുപ്പുകാലത്തെയും ഈ സമയമാറ്റം. 1916ല്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയാണ് ഈ രീതി ആദ്യം അവലംബിച്ചത്. പകലിന് ദൈര്‍ഘ്യം കൂട്ടി ഹീറ്റിങ്ങിനും ലൈറ്റിങ്ങിനുമുള്ള ഇന്ധനം ലാഭിക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. പിന്നീട് ബ്രിട്ടിഷ് സമ്മര്‍ ടൈം എന്ന പേരില്‍ ബ്രിട്ടനും ഇത് നടപ്പിലാക്കി. ബ്രിട്ടന് പുറമെ സ്വീഡന്‍, ഡെന്മാര്‍ക്ക്, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.