നീണ്ട അഞ്ച് വര്‍ഷക്കാലത്തെ നിരോധനം നീക്കിയതോടെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി ഐ എ) യു കെയിലേക്ക് വീണ്ടും സര്‍വ്വീസ് ആരംഭിച്ചു. വ്യാജ പൈലറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ നിരോധനം ശനിയാഴ്ച മുതലാണ് പിന്‍വലിച്ചത്. കറാച്ചിയില്‍ നടന്ന ഒരു വിമാനാപകടത്തില്‍ നൂറോളം പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിമാനത്തിലെ പൈലറ്റിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യു കെയും യൂറോപ്യന്‍ യൂണിയനും 2020-ല്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തിച്ചിരുന്നു.
നീണ്ട സെക്യൂരിറ്റി ഓഡിറ്റുകള്‍ക്ക് ശേഷം 2024 നവംബറില്‍ യൂറോപ്യന്‍ യൂണിയന്‍ പി ഐ എ യ്ക്ക് യൂറോപ്പിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാനായിരുന്നു അനുമതിനല്‍കിയത്. ഇസ്ലാമാബാദില്‍ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള ആദ്യ ബോയിംഗ് 777 വിമാനം ശനിയാഴ്ച എത്തിയതോടെ ബ്രിട്ടനിലുണ്ടായിരുന്ന വിലക്കും അവസാനിച്ചു. മാസങ്ങള്‍ നീണ്ട സുരക്ഷാ പരിശോധനകള്‍ക്ക് ഒടുവിലാണ് ബ്രിട്ടീഷ് അധികൃതര്‍ അനുമതി നല്‍കിയത്.
മാഞ്ചസ്റ്ററിലേക്കുള്ള വിമാന സര്‍വ്വീസ് പുനരാരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി ക്വാജ മൊഹമ്മദ് ആസിഫ്, ലണ്ടനിലേക്കും ബര്‍മ്മിംഗ്ഹാമിലേക്കും സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ബ്രിട്ടനിലും യൂറോപ്പിലുമായി കഴിയുന്ന 14 ലക്ഷത്തിലധികം പാകിസ്ഥാന്‍ വംശജര്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ആദ്യപടിയാണ് വിമാന സര്‍വ്വീസ് പുനരാരംഭിച്ചതെന്ന് ബ്രിട്ടനിലെ പാക് സ്ഥാനപതി മൊഹമ്മദ് ഫയ്‌സലും പറഞ്ഞു.