ലണ്ടന്‍: യുകെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തി മറ്റൊരു മിസിങ് കേസുകൂടി. ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായെന്ന് ആണ് പരാതി. ബിര്‍ക്ക്ബെക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന അനുഷ് രാജന്‍ നായര്‍ (23) ഒക്ടോബര്‍ 21 മുതല്‍ കാണാതായതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.
ടോട്ടന്‍ഹാമിലെ യുണൈറ്റ് സ്റ്റുഡന്റ്സ് നോര്‍ത്ത് ലോഡ്ജ് (Unite Students - North Lodge, Tottenham) ഹോസ്റ്റലിലാണ് അനുഷിനെ അവസാനമായി കണ്ടത്. അതിനുശേഷം ഇയാളുമായി ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
അനുഷ് താമസിച്ചിരുന്ന ഹോസ്റ്റല്‍ സഹവാസികളില്‍ ചിലരില്‍ നിന്ന് വംശീയ അധിക്ഷേപവും വാക്കാലുള്ള പീഡനവും നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു ദിവസത്തിലേറെയായി യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും സഹപാഠികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടുകയാണ്.
അനുഷിന്റെ കുടുംബാംഗങ്ങള്‍ മകന്റെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലാണ്. ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ ബ്രിട്ടീഷ് പോലീസിനെയോ അല്ലെങ്കില്‍ കുടുംബാംഗങ്ങളെയോ 07455844224 / +91 97698 48324 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി സമൂഹം അനുഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
നോട്ടിംഗ്ഹാമില്‍ നിന്നും കാണാതായ മലയാളിയെ നാല് ദിവസങ്ങള്‍ക്കു ശേഷം സുരക്ഷിതനായി കണ്ടെത്തിയിരുന്നു. മലയാളി ഗൃഹനാഥന്‍ സ്റ്റീഫന്‍ ജോര്‍ജി(47)നെയാണ് സുരക്ഷിതമായി കണ്ടെത്തിയത്. സമാനമായ ശുഭ വാര്‍ത്തയ്ക്കായാണ് അനുഷ് രാജന്റെ കുടുംബവും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നത്.