പ്രവൃത്തി ദിനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ വിടാതെ വിനോദയാത്രയ്ക്കും മറ്റും കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നത് നിര്‍ത്തലാക്കണമെന്ന പരാതിയടക്കം ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയില്‍. പത്ത് ദിവസം വരെ മാതാപിതാക്കള്‍ക്ക് പിഴയൊടുക്കാതെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കാനുള്ള അനുവാദം വേണമെന്നാണ് നടാലിയ എലിയട്ട് എന്ന 37കാരിയുടെ ഓണ്‍ലൈന്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതുവരെ 1,80,000 പേരാണ് ഈ പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്.
അസുഖബാധിതരായോ അതുപോലുള്ള നിയമപരമായി അനുവദനീയമായ മറ്റ് സാഹചര്യങ്ങളിലോ കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാത്തപ്പോള്‍, സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് വിവരമറിയിക്കാന്‍ പോലും ഭയമുണ്ടാകുന്നു എന്നാണ് എലിയട്ട് പരാതിയില്‍ പറയുന്നത്.
അതേസമയം, ഹാജര്‍നില കുറയുന്നത് കുട്ടിയുടെ പഠന പുരോഗതിയെ ബാധിക്കും എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. മാത്രമല്ല, നഷ്ടമായ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ ടെം ഒഴിവുദിനങ്ങളില്‍ അധ്യാപകര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറുമെന്നും വകുപ്പധികൃതര്‍ വാദിക്കുന്നു.
മതിയായ കാരണമില്ലാതെ കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാതിരുന്നാല്‍ മാതാപിതാക്കള്‍ക്ക് 80 പൗണ്ടിന്റെ പിഴ നോട്ടീസാണ് അയയ്ക്കുന്നത്. ഇത് 21 ദിവസങ്ങള്‍ക്കകം അടച്ചില്ലെങ്കില്‍ പിഴ 160 പൗണ്ട് ആയി ഉയരും. ഈ വര്‍ദ്ധിപ്പിച്ച പിഴ 28 ദിവസങ്ങള്‍ക്കകം അടച്ചില്ലെങ്കിലോ, അതല്ലെങ്കില്‍ ഒരു കുട്ടി മൂന്ന് വര്‍ഷത്തില്‍ മൂന്നോ അതിലധികമോ തവണ മതിയായ കാരണങ്ങളാല്‍ സ്‌കൂളില്‍ ഹാജരാകാതിരിക്കുകയോ ചെയ്താല്‍ കാര്യം മജിസ്‌ട്രേറ്റിന് മുന്നിലെത്തും. അവിടെ പിഴ തുക 2500 പൗണ്ടായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചില ഗുരുതര സാഹചര്യങ്ങളില്‍ ജയില്‍ ശിക്ഷ വരെ ലഭിക്കുകയും ചെയ്യാം.