എസെക്‌സില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കും , മറ്റൊരു സ്ത്രീയ്ക്കും നേരെ ലൈംഗിക അതിക്രമം നടത്തിയ കുടിയേറ്റ ലൈംഗിക കുറ്റവാളിയെ അബദ്ധത്തില്‍ ജയിലില്‍ നിന്നും പുറത്തുവിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് എതിരായ ജനരോഷം ഉയരാന്‍ കാരണമായ എസെക്‌സ് കേസിലെ കുറ്റവാളിയാണ് ജയില്‍ ജീവനക്കാരുടെ അശ്രദ്ധയില്‍ പുറത്തിറങ്ങിയത്.
ഹോം ഓഫീസിനെയും, ഗവണ്‍മെന്റിനെയും പ്രതിസന്ധിയിലാക്കിയ ഹാദുഷ് കെബാതുവിനെ ഇപ്പോള്‍ നാടുകടത്തിയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇയാള്‍ പ്രദേശവാസികളെ അക്രമിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കേസില്‍ അകത്തായിരുന്ന കെബാതുവിനെ ജയില്‍ ജീവനക്കാര്‍ അബദ്ധത്തില്‍ പുറത്തുവിടുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച രാത്രി എത്യോപ്യയിലേക്ക് നാടുകടത്തിയതായി ഹോം ഓഫീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചയിലെ അബദ്ധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രതികരിച്ചു.
'ജനരോഷം എനിക്കും ഇപ്പോള്‍ അനുഭവപ്പെടുന്നു. കെബാതുവിനെ ബ്രിട്ടീഷ് മണ്ണില്‍ നിന്നും പുറത്തുകടത്താന്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചു', മഹ്മൂദ് പറഞ്ഞു.