ലണ്ടനിലെ ഹീത്രൂവില്‍ നിന്നും തായ്ലാന്‍ഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റിലേക്ക് വെര്‍ജിന്‍ അറ്റ്‌ലാന്റിക് നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നു. 2026 ഒക്ടോബര്‍ 18 മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ഒരു ബോയിംഗ് 787-9 ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. ഇതിനുള്ള ബുക്കിംഗ് ഒക്ടോബര്‍ 30 മുതല്‍ ആരംഭിച്ചിട്ടുണ്ട്. തായ്ലാന്‍ഡിലെ തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഫുക്കറ്റ്.
ലണ്ടനില്‍ നിന്നും ഫുക്കറ്റിലേക്കുള്ള യാത്ര 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും എന്നാണ് സ്‌കൈ സ്‌കാനര്‍ പറയുന്നത്. മാത്രമല്ല, ഇടയില്‍ ഒരു സ്റ്റോപ്പും ഉണ്ടായിരിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് ടി യു ഐ മാഞ്ചസ്റ്ററില്‍ നിന്നും ഗാറ്റ്വിക്കില്‍ നിന്നും ഇപ്പോള്‍ തന്നെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 999 പൗണ്ട് മുതലാണ് വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ പാക്കേജ് ഹോളിഡേ നിരക്കുകള്‍ ആരംഭിക്കുന്നത്.