രാഹുല്‍ ഗാന്ധിയുടെ 'ഹരിയാന ബോംബ്' പൊട്ടുമ്പോള്‍...
ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി' എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ വന്‍ അട്ടിമറി നടന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എട്ടിലൊന്ന് വ്യാജ വോട്ട് ഉണ്ടായിയെന്നും ആരോപിച്ചു. ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേന്നാണ് രാഹുല്‍ ഗാന്ധി നിര്‍ണായക വാര്‍ത്താസമ്മേളനം വിളിച്ചത്. 'വോട്ട് ചോരി' ആരോപണങ്ങളുടെ പുതിയ വെളിപ്പെടുത്തലാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. 'എച്ച്' ഫയല്‍സാണ് രാഹുല്‍ പുറത്ത് വിട്ടത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ചും തട്ടിപ്പ് നടത്തിയെന്ന് രാഹുല്‍ ആരോപിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും രാഹുല്‍ ഗാംഹി ആരോപിച്ചു.
ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയില്‍ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടായിരുന്നു. എന്നാല്‍ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റല്‍ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാല്‍ ഹരിയാനയില്‍ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിന്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെന്‍ സി ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
25 ലക്ഷം കള്ളവോട്ടുകള്‍ ഹരിയാനയില്‍ നടന്നു. ഒരു സ്ത്രീ ഒരേ ഫോട്ടോ വെച്ച് 233 തവണ വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിയിലെ ബിജെപി നേതാക്കള്‍ വരെ വോട്ട് ചെയ്തു. 5 ലക്ഷത്തിലധികം ബള്‍ക്ക് വോട്ട് ഉണ്ടായി. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ചും തട്ടിപ്പ് നടന്നു. അതേസമയം ബിജെപിയെ സഹായിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയത് വന്‍ തട്ടിപ്പാണെന്നും രാഹുല്‍ ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളോട് കള്ളം പറഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. രേഖകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷന്‍ ആണെന്നും എട്ടു സീറ്റുകളില്‍ 22 മുതല്‍ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുല്‍ പറഞ്ഞു.
ഹരിയാനയിലെ വോട്ടര്‍ പട്ടികയ്ക്കെതിരെ അപ്പീലുകള്‍ ഒന്നും ഫയല്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 90 നിയമസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിലവില്‍ 22 തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ മാത്രമേ പരിഗണനയിലുള്ളൂവെന്നും കൂടി സൂചിപ്പിച്ചു. ഇരട്ട വോട്ടുകള്‍ നിലവിലുണ്ടെങ്കില്‍, അത്തരം വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചിരുന്നുവെന്ന് രാഹുല്‍ ഗാന്ധിക്ക് എങ്ങനെ വാദിക്കാന്‍ കഴിയുമെന്നും ഈ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതായിക്കൂടേയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇവിടെയാണ് ഉറപ്പായും കോണ്‍ഗ്രസ് ജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളക്കം പ്രവചിച്ച ഇടത്ത് 90 സീറ്റുകളില്‍ 73 സീറ്റില്‍ മുമ്പില്‍ നിന്നതിന് ശേഷം കോണ്‍ഗ്രസ് പൊടുന്നനെ പിന്നോട്ട് പോയ നിമിഷം ഓര്‍മ്മവരിക. ഇവിടെയാണ് പോസ്റ്റല്‍ വോട്ടുകളില്‍ 73 എണ്ണത്തില്‍ കോണ്‍ഗ്രസ്സ് ലീഡ് ചെയ്തപ്പോള്‍ പതിമൂന്നിടത്ത് മാത്രം ബിജെപി ലീഡ് ചെയ്തത് ശ്രദ്ധയില്‍ വരിക.
ഹരിയാനയിലെ ഒട്ടുമിക്ക എല്ലാ എക്സിറ്റ് പോളുകളും കോണ്‍ഗ്രസ് വിജയം പ്രഖ്യാപിച്ചതാണ്. ഹരിയാനയിലെ ഗോദയില്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരം ആരും മറന്നിട്ടുണ്ടാവില്ല. ഹരിയാനയുടെ നെഞ്ചിലൂടെ കര്‍ഷകരുടെ പ്രതിഷേധവും പൊലീസ് അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെട്ട കര്‍ഷകരുമെല്ലാം ആയിരുന്നു ആ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കിയത്. ആ തിരഞ്ഞെടുപ്പാണ് 25 ലക്ഷം കള്ളവോട്ടുകളില്‍ അട്ടിമറിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ വരാതിരിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ചിരിച്ചു പറഞ്ഞ ബിജെപി മുഖ്യമന്ത്രി നായബ് സിങ് സെയ്‌നിയുടെ വീഡിയോ കാണിച്ചാണ് രാഹുല്‍ ഗാന്ധി ഈ ഗൂഢാലോചന ആരോപണങ്ങള്‍ ഉന്നയിച്ചത്.
രണ്ട് കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണെന്നതാണ് കണക്ക്. അതായത് 12.5 ശതമാനം വ്യാജവോട്ടുകള്‍. ഹരിയാനയിലെ ആ 25 ലക്ഷം വോട്ടുകളില്‍ 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരും 93,174 അസാധുവായ വോട്ടര്‍മാരും 19.26 ലക്ഷം ബള്‍ക്ക് വോട്ടര്‍മാരും ഉള്‍പ്പെടുന്നുവെന്നതാണ് കണക്ക്. 22 വോട്ടുകള്‍ ചെയ്ത ബ്രസിലിയന്‍ യുവതിയുടെ ഫോട്ടോ കാണിച്ച് ഇതാരാണെന്ന് അറിയുമോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാണ് രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ മുന്നിലേക്ക് വെച്ചത്. 10 ബൂത്തുകളിലായാണ് ബ്രസിലിയന്‍ മോഡല്‍ മതിയോസ് ഫെരേരോ അവരുടെ 22 വോട്ട് ചെയ്തത്. ഒറ്റ ഫോട്ടോയില്‍ ഒരു സ്ത്രീ 2 ബൂത്തുകളിലായി 223 വോട്ട് ചെയ്തിരിക്കുന്നത് വേറെ.
ബിജെപിയുമായി വെറും ഇരുപത്തിരണ്ടായിരം വോട്ടുകളുടെ വ്യത്യാസത്തിനാണ് റിസള്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. വോട്ടിങ് ശതമാനത്തിലേക്ക് നോക്കിയാല്‍ 39.94% വോട്ടാണ് ബിജെപിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസിന് 39.09% വോട്ടും. ഇരുപത്തിയഞ്ച് ലക്ഷം വോട്ടുകളാണ് കൃത്രിമമായി ചേര്‍ക്കപ്പെട്ടതെന്ന് മുന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പറയുന്നത്.