വിന്ററില്‍ എന്‍എച്ച്എസിനെയും രോഗികളെയും ദുരിതത്തിലാക്കാന്‍ സമരങ്ങളുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ ശമ്പളവര്‍ധന ഓഫര്‍ തള്ളിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുകയാണ്. വിന്ററില്‍ ജനങ്ങള്‍ എത്ര ബുദ്ധിമുട്ടിയാലും സമരം ചെയ്യുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ രാജ്യത്തെ ബന്ദികളാക്കി നിര്‍ത്തുകയാണെന്നാണ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തുന്നത്.
ബുധനാഴ്ച ബിഎംഎയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ സമര്‍പ്പിച്ച് കൊണ്ട് സമരങ്ങള്‍ ഒഴിവാക്കാമെന്നാണ് സ്ട്രീറ്റിംഗ് പ്രതീക്ഷിച്ചത്. എന്നാല്‍ ഗവണ്‍മെന്റ് ഓഫര്‍ വെറും 'കഷ്ണങ്ങള്‍' മാത്രമാണെന്ന് വ്യക്തമാക്കിയ ബിഎംഎയുടെ ഡോ. മെലിസ റയാന്‍ നാല് മണിക്കൂറിനുള്ളില്‍ പ്രതികരണം അറിയിക്കുകയായിരുന്നു.
'28.9 ശതമാനം ശമ്പളവര്‍ധന വെറും കഷ്ണങ്ങളായാണ് ബിഎംഎ കരുതുന്നത്. നികുതിദായകര്‍ സഹിക്കുന്ന ത്യാഗങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. ഡോക്ടര്‍മാരെ അപേക്ഷിച്ച് വളരെ കുറവ് ശമ്പളം നല്‍കുന്ന മറ്റ് എന്‍എച്ച്എസ് ജീവനക്കാരോട് ഉള്ള എന്റെ ഉത്തരവാദിത്വവും കണക്കാക്കുന്നില്ല. ഇവര്‍ എന്‍എച്ച്എസിനെയും, രാജ്യത്തെയും ബന്ദികളാക്കുകയാണ്. ഈ പെരുമാറ്റത്തിന് കീഴടങ്ങാന്‍ കഴിയില്ല', രോഷാകുലനായ സ്ട്രീറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സ്ട്രീറ്റിംഗും, യൂണിയനും തമ്മിലുള്ള പോര് മുറുകിയതോടെ നവംബര്‍ 14 മുതല്‍ 19 വരെ നിശ്ചയിച്ച റസിഡന്റ് ഡോക്ടര്‍മാരുടെ സമരം മുന്നോട്ട് പോകുമെന്ന ആശങ്ക ഉറപ്പായി. 5.4 ശതമാനം വര്‍ധനവിന് പുറമെ കൂടുതല്‍ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റും, നിര്‍ബന്ധിത പരീക്ഷകളുടെയും, മെംബര്‍ഷിപ്പ് ഫീസിന്റെയും ചെലവ് വഹിക്കല്‍ എന്നിവയാണ് ഗവണ്‍മെന്റ് പുതുതായി മുന്നോട്ട് വെച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28.9 ശതമാനം വര്‍ധന റസിഡന്റ് ഡോക്ടര്‍മാര്‍ ആസ്വദിക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. ഒരു തവണ യൂണിയന് വഴങ്ങിയാല്‍ പിന്നീട് ഇത് തുടര്‍ക്കഥയായി മാറുമെന്ന് മുന്‍പത്തെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നിലപാട് എടുത്തിരുന്നു. ഇത് മനസ്സിലാക്കാതെ അന്ന് സമരത്തിന് പ്രോത്സാഹനം നല്‍കി നീങ്ങിയ ലേബര്‍ ഇപ്പോള്‍ കൈ പൊള്ളിയ അവസ്ഥയിലാണ്.