ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാര്‍ കാരണം നൂറിലധികം വിമാനങ്ങള്‍ വൈകി. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കാന്‍ ഇടയായതില്‍ വിമാനത്താവള അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു തകരാര്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയെ പിന്തുണയ്ക്കുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലെ (എഎംഎസ്എസ്) സാങ്കേതിക പ്രശ്നമാണ് തടസ്സങ്ങള്‍ക്ക് കാരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പറഞ്ഞു.
നിരവധി വിമാനക്കമ്പനികള്‍ യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം ബജറ്റ് കാരിയറുകളായ സ്പൈസ് ജെറ്റും ഇന്‍ഡിഗോയും അടക്കം ഡല്‍ഹിയിലും നിരവധി വടക്കന്‍ പ്രദേശങ്ങളില്‍ ഉടനീളമുള്ള വിമാനങ്ങളെ തടസ്സപ്പെടുത്തിയതായി പറഞ്ഞു. ആഘാതം കുറയ്ക്കുന്നതിനും സാധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പുനരാരംഭിക്കുന്നതിനും ക്രൂവും ഗ്രൗണ്ട് ടീമും വിമാനത്താവള അധികൃതരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.