യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീടുകളുടെ വിലയില്‍ ഒക്ടോബറില്‍ റെക്കോര്‍ഡ് കുതിപ്പ്; സാധാരണക്കാര്‍ക്ക് വീട് വാങ്ങല്‍ ദുഷ്കരമാകും

യുകെയില്‍ വീടുകളുടെ വില 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. കുതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹാലിഫാക്‌സ് പുറത്തിറക്കിയ പുതിയ പ്രോപ്പര്‍ട്ടി വില സൂചിക പ്രകാരം, ഒക്ടോബറില്‍ വീടുകളുടെ വില 0.6% വര്‍ധിച്ച് ശരാശരി വില 2,99,862 പൗണ്ട് ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ 0.3% ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഈ വര്‍ധന വിപണി പ്രതീക്ഷിച്ചതിലും അധികമായിരുന്നു വാര്‍ഷികമായി വീടുകളുടെ വില 1.9% ഉയര്‍ന്നതായും ഇത് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 1.5 ശതമാനത്തിനെ മറികടന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

വീട് വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയതാണ് വിപണിക്ക് ഉത്തേജനം ആയതെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്ഗേജ് വിഭാഗം മേധാവി അമാന്‍ഡ ബ്രൈഡന്‍ വ്യക്തമാക്കി. പുതുതായി അംഗീകരിക്കുന്ന മോര്‍ട്ട്ഗേജ് വായ്പകളുടെ എണ്ണം ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. എങ്കിലും വീടുകളുടെ വില ഉയര്‍ന്നതും 4% നിരക്കിനടുത്ത് തുടരുന്ന ഫിക്സഡ് മോര്‍ട്ട്ഗേജ് പലിശനിരക്കും വാങ്ങുന്നവര്‍ക്കുള്ള സാമ്പത്തിക സമ്മര്‍ദ്ദം കൂട്ടുന്നതായാണ് വിലയിരുത്തുന്നത്‌.

നവംബര്‍ 26-നുള്ള ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവതരിപ്പിക്കാനിരിക്കുന്ന നികുതി മാറ്റങ്ങളെപ്പറ്റിയുള്ള അനിശ്ചിതത്വത്തെയും മറികടന്ന് വിപണി സ്ഥിരത പുലര്‍ത്തുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 5 ലക്ഷം പൗണ്ടില്‍ കൂടുതലുള്ള വീടുകള്‍ വില്‍ക്കുന്നവരില്‍ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം പുതിയ നികുതി ഈടാക്കാനുള്ള സാധ്യത ബജറ്റില്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ മുതല്‍ വീടുകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടുമെന്നാണ് റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ കരുതുന്നത്.

ബജറ്റ് ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി വിപണിയെ സംബന്ധിച്ച് സുപ്രധാനവുമാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഹൗസിംഗ് വിപണിക്ക് പാരയായി മാറുന്നത്. പ്രത്യേകിച്ച് കടം വര്‍ദ്ധിക്കുന്നതും, സ്റ്റോക്ക് മാര്‍ക്കറ്റ് തകരാനുള്ള സാധ്യതയും വിപണി ആശങ്കയോടെ നോക്കിക്കാണുന്നു.

ഈ ആശങ്കകള്‍ സത്യമായി മാറിയാല്‍ ബ്രിട്ടനിലെ ഭവനഉടമകള്‍ക്കും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് തിരിച്ചടിയായി മാറും. ഗവണ്‍മെന്റിന് കടമെടുപ്പ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്ത നിലയിലാണ്. ഇത് ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടമാകാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ ഗവണ്‍മെന്റ് നല്‍കുന്ന പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയിലാണ്.

പത്ത് വര്‍ഷത്തെ ഗില്‍റ്റിന് 4.4 ശതമാനം പലിശയാണ് ഗവണ്‍മെന്റ് നല്‍കുന്നത്. നിക്ഷേപകരുടെ ആശങ്ക തുടര്‍ന്നാല്‍ ഈ പലിശ വീണ്ടും ഉയരും. ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉയരുന്നതിലാണ് കലാശിക്കുക. 2022 സെപ്റ്റംബറില്‍ ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷവും ഇതാണ് സംഭവിച്ചത്.

ബജറ്റിന് ശേഷം ഗില്‍റ്റ് നിരക്ക് ഉയര്‍ന്നാല്‍ ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളെയും സ്വാധീനിക്കും. ബ്രിട്ടനില്‍ വാടക ചെലവുകളും നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ പറയുന്നു. വരുമാനത്തിന്റെ 44% വരെ വാടകയ്ക്കായി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്. ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.6 ശതമാനമാണ് വര്‍ധന.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions