ജനുവരി മുതല്‍ ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കണമെങ്കില്‍ കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം കൂടിയ തോതില്‍ തെളിയിക്കേണ്ടതായി വരും. ചില കുടിയേറ്റക്കാര്‍ക്ക് വിസ കിട്ടണമെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം തെളിയിക്കുന്നതിനുള്ള എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ടെസ്റ്റ് പാസാകേണ്ടി വരും. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമങ്ങളുടെ ഭാഗമായിട്ടാണിത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. അടുത്ത വര്‍ഷം ജനുവരി എട്ടു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതിന് ശേഷം സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കോ, സ്‌കെയില്‍ അപ് വിസയ്ക്കോ അപേക്ഷിക്കുന്നവര്‍ക്ക് ഇത് ബാധകമായിരിക്കും.
ഈ വിസകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷില്‍ ബി2 ലെവല്‍ നേടേണ്ടതായി വരും. നിലവില്‍ ജിസിഎസ്ഇയിലെ ബി1 സ്റ്റാന്‍ഡേര്‍ഡിന് തത്തുല്യമായ ഭാഷാ പ്രാവീണ്യം മതിയാകും. ജനുവരി മുതല്‍ വിസ അപേക്ഷ പരിഗണിക്കപ്പെടുന്നതിന് ഇംഗ്ലീഷില്‍ എ ലെവല്‍ പരീക്ഷ എഴുതി പാസാകേണ്ടതായി വരും.
സാധാരണ എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ചോദ്യങ്ങള്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പോലും ശരിയായ ഉത്തരം നല്‍കാനാവുന്നില്ല എന്നതാണ് സ്ഥിതി. അതുകൊണ്ടുതന്നെ കുടിയേറ്റക്കാര്‍ കടുത്ത പരീക്ഷയായിരിക്കും ഇത്.
സങ്കീര്‍ണ്ണമായ ഇംഗ്ലീഷ് വ്യാകരണം ഉള്‍പ്പെടുന്നതാണ് ചോദ്യങ്ങളില്‍ പലതും. ഈ ചോദ്യങ്ങളിലെ വ്യാകരണ അസംബന്ധങ്ങളാണ് ബി 2 ലെവല്‍ പഠിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത് എന്ന് പറയുന്നു. ബ്രിട്ടീഷുകാരില്‍ തന്നെ ഇംഗ്ലീഷ് ഭാഷയില്‍ എ ലെവല്‍ നേടിയവര്‍പോലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുക ക്ലേശമേറിയ ഒരു കാര്യമാണെന്ന് പറയുന്നു.
അടുത്തവര്‍ഷം മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കെയില്‍ അപ്, ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിഡ്വല്‍ (എച്ച് പി ഐ) വിസകളില്‍ ബ്രിട്ടനിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമാവും. ഇതില്‍ സ്‌കെയില്‍ അപ് വിസകള്‍ അതിവേഗം വളരുന്ന കമ്പനികളിലെ ജോലികള്‍ക്കായി എത്തുന്നവര്‍ക്ക് നല്‍കുന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഏതെങ്കിലും ഗ്ലോബല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കുള്ളതാണ് എച്ച് പി ഐ വിസ.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് നടപ്പായിട്ടുള്ളത്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ശമ്പളപരിധിയും, വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ത്തുന്നതാണ് പ്രധാന മാറ്റം. ഈ വിസയില്‍ ഏത് ജോലിയാണെങ്കിലും ബാച്ചിലര്‍ ഡിഗ്രിയ്ക്ക് തുല്യമായ ആര്‍ക്യുഎഫ് ലെവല്‍ 6 യോഗ്യത ആവശ്യമാണ്. ഇതോടെ ഈ വിസയുടെ യോഗ്യതാ ലിസ്റ്റിലുണ്ടായ 180-ഓളം ജോലികള്‍ പുറത്തായി. ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, കെയര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്. എന്നിരുന്നാലും 2025 ജൂലൈ 21ന് മുന്‍പ് സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ നിലവിലെ നിയമങ്ങള്‍ പ്രകാരവും ആപ്ലിക്കേഷന്‍ പ്രൊസസ് ചെയ്യും.
യോഗ്യതകള്‍ക്ക് പുറമെ ശമ്പളപരിധിയും വിവിധ വിസാ ഗ്രൂപ്പുകളില്‍ വര്‍ദ്ധിപ്പിക്കുകയാണ്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് 38,700 പൗണ്ട് മതിയായിരുന്ന ശമ്പളം ഇനി മുതല്‍ 41,700 പൗണ്ടിലേക്കാണ് ഉയര്‍ത്തുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകര്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് അപേക്ഷിക്കുമ്പോള്‍ ജൂലൈ 22 മുതല്‍ പുതിയ ശമ്പളപരിധിയില്‍ വരുമെന്നത് തിരിച്ചടിയാണ്. പഴയ ശമ്പളപരിധി പ്രകാരം അപേക്ഷിച്ചവര്‍ക്കും ഇത് ബാധകമാണ്. ഇതില്‍ ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇനി ബ്രിട്ടനിലേക്ക് പ്രവേശിക്കാന്‍ അവസരം ലഭിക്കില്ല. വന്‍തോതില്‍ ചൂഷണത്തിനും, ദുരുപയോഗത്തിനും വിധേയമായതോടെയാണ് കെയര്‍ വര്‍ക്കര്‍ വിസ റൂട്ടില്‍ വിദേശ റിക്രൂട്ട്‌മെന്റിന് അവസാനം കുറിച്ചത്. അതേസമയം ഹെല്‍ത്ത് & കെയര്‍ വിസാക്കാരുടെ ശമ്പളപരിധി 25,000 പൗണ്ടില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
പെര്‍മനന്റ് റസിഡന്‍സിന് ബ്രിട്ടനില്‍ താമസിച്ചിരിക്കേണ്ട കാലയളവ് വര്‍ദ്ധിപ്പിക്കാനാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. നിലവിലെ അഞ്ച് വര്‍ഷമെന്നത് പത്ത് വര്‍ഷമായാണ് ഉയര്‍ത്തുക. അതേസമയം യുകെ സമ്പദ് വ്യവസ്ഥയ്ക്കും, സമൂഹത്തിനും സംഭാവന നല്‍കി പോയിന്റ് നേടിയവര്‍ക്ക് ഇതിന് മുന്‍പ് തന്നെ സെറ്റില്‍മെന്റ് നേടാനും അവസരമുണ്ട്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും.
ഈ വര്‍ഷം തന്നെ കൂടുതല്‍ മാറ്റങ്ങള്‍ വരുമെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ്ജില്‍ വര്‍ദ്ധന, ഫാമിലി വിസ നിബന്ധനകളിലെ പുനര്‍നിര്‍ണ്ണയം, ഗ്രാജുവേറ്റ് വിസ കാലാവധി 2 വര്‍ഷത്തില്‍ നിന്നും 18 മാസത്തിലേക്ക് ചുരുക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. യുകെ സ്വപ്നം കാണുന്ന മലയാളി യുവതലമുറയ്ക്ക് വലിയ തിരിച്ചടിയാകുന്നതാണ് പുതിയ മാറ്റങ്ങള്‍.